ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ഈ ആഴ്ച റെക്കോർഡ് താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും മിക്ക ഭാഗങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജൂണിലെ നിലവിലെ റെക്കോർഡ് മറികടക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകൽ സമയത്തെ കടുത്ത ചൂടിനൊപ്പം രാത്രിയിലും താപനില 20 ഡിഗ്രിക്ക് താഴെയിറങ്ങാത്ത ‘ട്രോപ്പിക്കൽ നൈറ്റ്സ്’ അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ ഉയർന്ന ആർദ്രതയും ചൂടും ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പ്രായമായവരും കുട്ടികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യരംഗത്തെയും ഗതാഗത സംവിധാനങ്ങളെയും വൈദ്യുതി, ജലവിതരണ ശൃംഖലകളെയും ബാധിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, വീടുകളിൽ താപനില ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആഴ്ചയുടെ അവസാനത്തോടെ ചൂട് അല്പം കുറഞ്ഞേക്കുമെങ്കിലും തെക്കൻ, കിഴക്കൻ മേഖലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് പ്രവചനം.