യുകെയില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, നഴ്‌സിംഗ് അസോസിയേറ്റുമാര്‍ എന്നിവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8000 പേരാണ് ഈ ജോലികള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. 5000ത്തിലേറെപ്പേര്‍ക്ക് യുകെയില്‍ തന്നെയാണ് പരിശീലനം നല്‍കിയത്. ഇതോടെ പ്രൊഫഷണലുകളുടെ എണ്ണം 698,237 ആയി ഉയര്‍ന്നു. ഇവരില്‍ 23,500 പേര്‍ ആദ്യമായാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ജോലി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്തു നിന്ന് എത്തുന്ന നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണലുകളുടെ എണ്ണത്തില്‍ 126 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് ആദ്യമായി എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 6157 ആയിരുന്നു. 2017-18 വര്‍ഷത്തില്‍ ഇത് 2720 മാത്രമായിരുന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം ഏകദേശം 5000 ആയി കുറഞ്ഞിട്ടുമുണ്ട്. 13 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളാണ് ഇവ വ്യക്തമാക്കുന്നത്. നഴ്‌സുമാരും മിഡ്‌വൈഫുമാരും നഴ്‌സിംഗ് അസോസിയേറ്റ്‌സുമാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ സംഭാവന നല്‍കുന്നതെന്ന് എംഎന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രിയ സട്ട്ക്ലിഫ് പറഞ്ഞു. ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.
നാം വരുത്തിയ മാറ്റങ്ങള്‍ വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ഇത്രയും വര്‍ദ്ധനവുണ്ടെങ്കിലും എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവു മൂലമുള്ള ജോലി സമ്മര്‍ദ്ദം അതേപടി നിലനില്‍ക്കുകയാണെന്നും എന്‍എംസി അറിയിക്കുന്നു. 40,000 നഴ്‌സുമാരുടെ കുറവാണ് എന്‍എച്ച്എസില്‍ ഉള്ളത്. ജോലി സമ്മര്‍ദ്ദം മൂലം 2018ല്‍ ആറുമാസത്തെ കാലയളവില്‍ 11,000 പേര്‍ എന്‍എച്ച്എസില്‍ നിന്ന് ജോലിയുപേക്ഷിച്ച് പോയിരുന്നു.
Leave a Reply