ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- ഇന്റർനാഷണൽ റീലൊക്കേഷൻ പേയ്‌മെന്റ് (ഐആർപി) പദ്ധതിക്ക് കീഴിൽ സയൻസ്, ഭാഷ, കണക്ക് എന്നീ വിഷയങ്ങളിലേയ്ക്ക് നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യുവാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഇംഗ്ലണ്ടിലെ ക്ലാസ് റൂം ഒഴിവുകൾ നികത്തുന്നതിനായി 10 ലക്ഷത്തിലധികം രൂപ നൽകിയാണ് ഈ പദ്ധതി സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് കണക്ക്, ശാസ്ത്രം, ഭാഷാ അധ്യാപകരെ ഈ വർഷം യുകെയിലേക്ക് കൊണ്ടുവരുമെന്നും, മറ്റ് രാജ്യങ്ങളിലേക്കും വിഷയങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് പദ്ധതികൾ വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്നും ടൈംസ് പത്രം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബറിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിലേക്ക് അധ്യാപകർക്കായി 300 മുതൽ 400 വരെ പേയ്‌മെന്റുകൾ വരെ ഉണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ള അധ്യാപന യോഗ്യതകൾ തിരിച്ചറിയുന്നത് എളുപ്പമാക്കുന്ന പുതിയ നിയമങ്ങൾ അവതരിപ്പിക്കാനും മന്ത്രിമാർ ആലോചിക്കുന്നുണ്ട്. ഘാന, ഇന്ത്യ, സിംഗപ്പൂർ, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവയ്ക്ക് ബ്രിട്ടനുമായി ചരിത്രപരമായ വിദ്യാഭ്യാസ ബന്ധങ്ങളുണ്ടെന്നതിനാൽ ഇവിടെ നിന്നുള്ള അധ്യാപകർക്ക് ഈ പദ്ധതി കൂടുതൽ പ്രയോജനപ്പെടും. യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് തുല്യമായ സ്ഥാനം ഈ പദ്ധതി നൽകും.

യുകെയിൽ നിലവിലുള്ള അധ്യാപകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നത്. എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം പൂർണമായ തരത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടി ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നു സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.