ബർക്കയിൽ കടൽവെള്ളം ചുവപ്പുനിറത്തിൽ കണ്ടെത്തിയ സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മസ്കത്ത്, സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളിൽ ഉള്ളവർ ജല ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും വൈദ്യുതി -ജല പൊതു അതോറിറ്റി (ദിയാം) അറിയിച്ചു.
‘റെഡ് ടൈഡ്’ എന്നാണ് ഇൗ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുഅതോറിറ്റിയുടെ പ്രധാന അടിയന്തര കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കുടിവെള്ള ഉൽപാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും പരമാവധി ഉൽപാദനം ഉറപ്പാക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. പ്ലവകങ്ങളുടെ എണ്ണം താരതമ്യേന കുറവുള്ള സമയത്താണ് കൂടുതൽ ഉൽപാദനം. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ കടൽജലം പതിവായുള്ള ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. സീബ് അൽവുസ്ത അടക്കം ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി. ജല വിതരണത്തെ ‘റെഡ് ടൈഡ്’ ബാധിക്കാതിരിക്കാൻ പരമാവധി നടപടികൾ എടുക്കണമെന്നും യോഗം നിർദേശിച്ചു. ഇൗ വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികളെയും കമ്മിറ്റി പ്രശംസിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ‘ചെന്നീർ’ എന്നാണ് ഇൗ പ്രതിഭാസത്തെ വിളിക്കുന്നത്. സൂക്ഷ്മ ജീവികളുടെ വിഭാഗത്തിൽപെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽജലത്തിൽ അതിവേഗം പെരുകുന്നതാണ് കടൽ ചുവക്കാൻ കാരണം. ഇൗ പ്രതിഭാസത്തിന്റെഫലമായി കടൽ ജലത്തിൽ ഒാക്സിജെൻറ അളവ് കുറയാറുണ്ട്. സ്വാഭാവിക വിഷപദാർഥങ്ങളുടെ ഉൽപാദനത്തിനും ‘ചെന്നീർ’ കാരണമാകാറുണ്ട്.
Leave a Reply