ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ യുകെ സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നേരത്തെ പ്രവചിച്ച 0.6 ശതമാനത്തേക്കാൾ ഉയർന്ന് 0.7 ശതമാനം വളർച്ച കൈവരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. സാമ്പത്തിക രംഗത്ത് യുകെ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ കാലയളവിലെ ഉത്പാദനം ഗണ്യമായി വളർന്നതായാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒഎൻഎസ്) കണക്കുകൾ കാണിക്കുന്നത്. എന്നിരുന്നാലും സേവന മേഖലയുടെ വളർച്ചയാണ് വികസന കുതിപ്പിന് കളം ഒരുക്കിയത്. ഏപ്രിൽ മാസത്തിൽ യുഎസ് ഓപ്പൺ ഇറക്കുമതി താരിഫുകൾ ഏർപ്പെടുത്തുന്നതും യുകെയിലെ തൊഴിലുടമകളുടെ മേലുള്ള നികുതികൾ വർധിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിലാണ് സമ്പദ് വ്യവസ്ഥ വളർച്ചാ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത പാദത്തിലെ വളർച്ചാ നിരക്കിനെ കുറിച്ച് വിശകലന വിദഗ്ധരുടെ ഇടയിൽ സംശയം ഉണ്ട്.
പുറത്തുവരുന്ന കണക്കുകൾ സർക്കാരിന് ആശ്വാസം നൽകുന്നവയാണ്. ഏറ്റവും പുതിയ കണക്കുകൾ യുകെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും സാധ്യതയും കാണിക്കുന്നുവെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ, യുകെ സമ്പദ്‌വ്യവസ്ഥ യുഎസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവയേക്കാൾ വേഗത്തിൽ വളർന്നു എന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ യുഎസുമായി അടുത്തിടെ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ വെളിച്ചത്തിൽ തുടർ മാസങ്ങളിലും കടുത്ത പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. യുഎസുമായുള്ള വ്യാപാര കരാർ നിലവിൽ വരുന്നതോടെ കാറുകൾ, അലൂമിനിയം, സ്റ്റീൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ താരിഫുകൾ വെട്ടി കുറയ്ക്കപ്പെടും. ഇതുവഴി ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകൾ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ് സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് പൂർണ്ണമായും ഒഴിവാക്കാൻ യു എസുമായി ധാരണയായിട്ടുണ്ട്. തകർച്ചയിൽ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീൽ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനിൽ നിർമ്മിക്കുന്ന കാറുകൾക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
യുകെയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാർ നിലവിൽ വരുന്നത് യുകെയിലെ ഇന്ത്യൻ കമ്പനികൾക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീൽ, ജാഗ്വാർ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് കരാർ വലിയതോതിൽ പ്രയോജനം ചെയ്യും.
Leave a Reply