ന്യൂസ് ഡെസ്ക്, മലയാളം യുകെ
നൈജൽ ഫാരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ പാർട്ടി അംഗസംഖ്യയിൽ ലേബറിനെ മറികടന്നതായുള്ള അവകാശവാദവുമായി രംഗത്തുവന്നു. പാർട്ടി വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം റിഫോം യുകെയ്ക്ക് 2.68 ലക്ഷം പേരിലധികം അംഗങ്ങളുണ്ട്. അതേസമയം, ലേബറിന്റെ അംഗസംഖ്യ 2.5 ലക്ഷത്തിൽ താഴെയായി കുറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

അടുത്ത തെരഞ്ഞെടുപ്പിൽ വിജയത്തിലേക്കുള്ള വലിയൊരു ചുവടുവെയ്പാണ് ഈ കണക്കുകൾ എന്നാണ് പാർട്ടി നേതാവ് ഫാരാജ് വിലയിരുത്തിയത്. ബ്രിട്ടനെ മാറ്റാൻ തക്ക ശക്തമായ പ്രസ്ഥാനമാണ് തങ്ങളെന്ന് പാർട്ടി അവകാശപ്പെട്ടു. രാജ്യത്തെ പഴയ രാഷ്ട്രീയ രീതികൾ ജനങ്ങൾക്ക് മടുത്തിരിക്കുന്നു എന്നും പുതിയൊരു രാഷ്ട്രീയ പ്രവർത്തനരീതിയാണ് അവർ ആഗ്രഹിക്കുന്നത് എന്നുമാണ് പാർട്ടി അവകാശപെടുന്നത്. അതൊടെപ്പം ഈ വളർച്ച തങ്ങളുടെ പ്രചരണത്തോടുള്ള ജനപിന്തുണയാണെന്നു റിഫോം നേത്യത്വം വ്യക്തമാക്കി.

അതേസമയം റിഫോം യുകെയ്ക്ക് ലഭിക്കുന്ന സംഭാവനകളും വർദ്ധിച്ചിട്ടുണ്ട്. തായ്ലൻഡ് ആസ്ഥാനമായ വ്യവസായി ക്രിസ്റ്റഫർ ഹാർബോൺ 90 ലക്ഷം പൗണ്ട് സംഭാവന നൽകിയ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ഇതുവരെ ജീവിച്ചിരിക്കുന്ന ഒരാൾ നൽകിയ ഏറ്റവും വലിയ ധനസഹായമാണ്. ഗ്രീൻ പാർട്ടിയുടെ അംഗസംഖ്യയും 70,000ൽ നിന്ന് 1.8 ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ഇതോടെ അവർ കൺസർവേറ്റിവുകളെയും മറികടന്നിരിക്കുകയാണ്.











Leave a Reply