ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയിലേക്ക് മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കൂറുമാറ്റം തുടരുകയാണ്. പൊതു തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയ ഈ ഒഴുക്ക് ഇപ്പോൾ ശക്തമായിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിൽ നേതൃസ്ഥാനത്തിന് വരെ മത്സരിച്ച മുൻ മന്ത്രി റോബർട്ട് ജെനറിക്കും മുൻ ചാൻസിലർ നദീം സഹാവിയും റിഫോം യുകെയിലേക്ക് ചേർന്നത് വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ് . കൺസർവേറ്റീവ് പാർട്ടിക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന നൈജൽ ഫെറാജിന്റെ വാദത്തെ ഇതു ശക്തിപ്പെടുത്തുന്നതാണ് .

ഇതുവരെ ഭരണപരിചയമുള്ള നേതാക്കളില്ലെന്നായിരുന്നു റിഫോം യുകെയ്ക്കെതിരെ ലേബറും ടോറികളും ഉന്നയിച്ച പ്രധാന വിമർശനം. പാർട്ടി വെറും ജനക്കൂട്ടമാണെന്നും ഓൺലൈൻ അംഗത്വം ഉപയോഗിച്ച് അംഗസംഖ്യ ഉയർത്തിക്കാട്ടുകയാണെന്നും അവർ ആരോപിച്ചിരുന്നു . എന്നാൽ മുൻ ചാൻസിലറും മന്ത്രിമാരും എംപിമാരും പാർട്ടിയിലേക്ക് വരുന്നതോടെ ഈ വിമർശനം നിലനിൽക്കാനാകാത്ത അവസ്ഥയിലാണ്. ഭാവിയിൽ അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പല നേതാക്കളെ ആകർഷിക്കുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബർ പാർട്ടിയിൽ നിന്ന് പ്രമുഖ നേതാക്കൾ ഇനിയും മാറിയിട്ടില്ലെങ്കിലും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ലേബർ സർക്കാരിന്റെ നികുതി വർധനയും കുടിയേറ്റ വിഷയത്തിലെ അനിശ്ചിത നിലപാടുകളും പലരെയും നിരാശരാക്കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിച്ച് ലേബർ പാർട്ടിയിലും കടന്നുകയറാനാണ് റിഫോം യുകെയുടെ ശ്രമം. അതേസമയം, നിരാശരായ യുവാക്കളെ ആകർഷിക്കാൻ സൗജന്യ ബസ് യാത്ര പോലുള്ള വാഗ്ദാനങ്ങളുമായി ഗ്രീൻ പാർട്ടിയും രംഗത്തുണ്ട്.

ബ്രിട്ടനിലെ രാഷ്ട്രീയ മാറ്റങ്ങൾ യുകെ മലയാളികളെ നേരിട്ട് ബാധിക്കുന്നതാണ്. കുടിയേറ്റ നയങ്ങളിലും നികുതി കാര്യങ്ങളിലും മാറ്റം വന്നാൽ ജോലി, താമസം, വിസാ സാഹചര്യം എന്നിവയിൽ സ്വാധീനം ഉണ്ടാകുമെന്ന ആശങ്ക മലയാളികൾക്കുണ്ട്. അതിനാൽ റിഫോം യുകെയുടെ ഉയർച്ചയും പ്രധാന പാർട്ടികളുടെ ദുർബലതയും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ്.