ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസം കഴിയുന്തോറും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്ന വാർത്തകളാണ് യുകെയിൽ നിന്ന് ഉയർന്ന് വരുന്നത്. സർവേകളുടെ അടിസ്ഥാനത്തിൽ ഭരണത്തിൽ എത്തുന്നത് ലേബർ പാർട്ടിയാണെന്ന് ഏകദേശം ഉറപ്പായ മട്ടിലാണ് മറ്റ് പാർട്ടികളുടെ ശരീരഭാഷ. കഴിഞ്ഞദിവസം വന്ന അഭിപ്രായ സർവേകളിൽ ടോറികളുടെ ഇരട്ടി പിന്തുണയാണ് ലേബർ പാർട്ടിക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ റീഫോം യുകെയുടെ മുന്നേറ്റമാണ് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.


അഭിപ്രായ സർവേകളിൽ റീഫോം യുകെ നിലവിലെ ഭരണപക്ഷമായ ടോറികൾക്ക് ഒപ്പത്തിനൊപ്പമാണ് . ഈ പശ്ചാത്തലത്തിലാണ് അടുത്ത പാർലമെൻറിൽ തന്റെ പാർട്ടിക്കായിരിക്കും പ്രതിപക്ഷമെന്ന് റീഫോം യുകെ നേതാവ് നൈജൻ ഫരാഗ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി റിഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി രണ്ടാം സ്ഥാനത്തിന് വേണ്ടി ചെറു പാർട്ടികളോട് മത്സരിക്കേണ്ട ഗതികേടിലാണ്. കടുത്ത ബ്രെക്സിറ്റ് വാദികളും കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന റീഫോം യുകെയ്ക്ക് നാൾക്കു നാൾ പിന്തുണ വർദ്ധിച്ചു വരികയാണ്. ഇതിനിടെ ഫോറിൻ സെക്രട്ടറി ഡേവിഡ് കാമറൂൺ റീഫോം യുകെ നേതാവായ നൈജൻ ഫരാഗിനെതിരെ കടുത്ത വിമർശനവുമായി മുന്നോട്ടു വന്നു. റീഫോം യുകെ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുടിയേറ്റ നയങ്ങളെ കുറിച്ച് വിഷ ലിപ്തമായ ഭാഷയിലാണ് അവരുടെ നേതാവ് നൈജൻ ഫരാഗ് സംസാരിക്കുന്നതെന്നും ഡേവിഡ് കാമറൂൺ കുറ്റപ്പെടുത്തി.

ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.