ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമ്പന്നരായ വിദേശികളെയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളെയും ലക്ഷ്യമിട്ട് “ബ്രിട്ടാനിയ കാർഡ്” എന്ന പേരിൽ ഒരു പുതിയ നിർദ്ദേശം അവതരിപ്പിക്കാൻ ഒരുങ്ങി റിഫോം യുകെ. ഇത് പ്രകാരം വ്യക്തികൾക്ക് 10 വർഷത്തെ താമസ പെർമിറ്റ് ലഭിക്കും. കൂടാതെ ഇവർക്ക് യുകെയിൽ താമസിക്കുമ്പോൾ വിദേശ ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. ഇത്തരക്കാർക്ക് ഇൻഹെറിറ്റെൻസ് നികുതിയും അടയ്‌ക്കേണ്ടതായി വരില്ല. ഇവയ്‌ക്കെല്ലാം പകരമായി അവർ £250,000 ഒറ്റത്തവണ പേയ്‌മെന്റ് ആയി നൽകണം. ഇത്തരത്തിൽ ലഭിക്കുന്ന പണം യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന 10% തൊഴിലാളികൾക്ക് നേരിട്ട് നൽകുമെന്ന് നിഗൽ ഫാരേജ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ആഴ്ച അവസാനത്തോടെ നിർദ്ദേശം പാർട്ടി ഔദ്യോഗികമായി മുന്നോട്ട് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന മുഴുവൻ സമയ തൊഴിലാളികൾക്ക് 600 മുതൽ 1,000 പൗണ്ട് വരെ വാർഷിക നികുതി രഹിത പെയ്‌മെന്റായി ഇത്തരത്തിൽ ലഭിക്കുന്ന പണം നൽകുമെന്നും റീഫോം യുകെ പറയുന്നു. ഇത്തരത്തിലുള്ള പേയ്‌മെന്റുകൾ എച്ച്എംആർസി കൈകാര്യം ചെയ്യും. ഇതൊരു ഗോൾഡൻ വിസ അല്ലെന്നും രാജ്യത്ത് പ്രവേശിക്കുന്ന സമ്പന്നർക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടനടി പിന്തുണയ്ക്കുന്നതിനുള്ള ന്യായമായ മാർഗമാണെന്നും റിഫോം യുകെ വാദിക്കുന്നു.

അതേസമയം പാർട്ടിയുടെ പുതിയ നിർദ്ദേശം കടുത്ത വിമർശനങ്ങൾ നേരിട്ടു. ഇത് രാജ്യത്ത് തന്നെ രണ്ട് വ്യത്യസ്‌ത നികുതി സമ്പ്രദായം സൃഷ്ടിക്കുന്നു. പദ്ധതി നടപ്പാക്കിയാൽ രാജ്യത്തെ സാധാരണ പൗരന്മാർ പൂർണ്ണ നികുതി നിയമങ്ങൾ പാലിക്കുമ്പോൾ സമ്പന്നരായ പുതുമുഖങ്ങൾക്ക് ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയായിരിക്കും. അതേസമയം വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കുകിഴക്കൻ മേഖലകൾ തുടങ്ങിയ ദരിദ്ര പ്രദേശങ്ങളിലെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ഈ നയം ഗുണം ചെയ്യുമെന്ന് റിഫോം യുകെ പറയുന്നു. സമ്പന്നർക്ക് ന്യായമായ നികുതി വിഹിതം നൽകുന്നത് ഒഴിവാക്കാനുള്ള “ഗോൾഡൻ ടിക്കറ്റ്” ആണിതെന്ന് വിമർശിച്ചുകൊണ്ട് ലേബർ പാർട്ടി രംഗത്ത് വന്നു.