ലണ്ടന്‍: അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ ഇല്ലാതാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം യൂണിയന്‍ അംഗത്വ വിഷയത്തില്‍ ഹിതപരിശോധനയിലേക്ക് നീങ്ങുന്ന ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദമേറ്റുമെന്നും സൂചനയുണ്ട്. അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന ഡബ്ലിന്‍ കരാറിലെ വ്യവസ്ഥ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കുണ്ടായ വേളയില്‍ പാലിക്കപ്പെട്ടിരുന്നില്ല. ഇറ്റലിയിലും ഗ്രീസിലും ഒക്കെയായി വന്‍ തോതില്‍ അഭയാര്‍ത്ഥികള്‍ എത്തിയപ്പോള്‍ ഈ നിയമം നടപ്പാക്കാന്‍ സ്വഭാവികമായും ബുദ്ധിമുട്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഇവിടെ നിന്ന് പിന്നീട് ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി. അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഗ്രീസിന് വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നത്. ജര്‍മനിയെ പോലെ അഭയാര്‍ത്ഥികള്‍ അവസാനമെത്തിച്ചേര്‍ന്ന രാജ്യത്ത് ഇവരുടെ രജിസ്‌ട്രേഷന്‍ നടത്തുകയും വിരലടയങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
ഡബ്ലിന്‍ നിയമപ്രകാരം കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ബ്രിട്ടന് അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഭേദഗതി വരുന്നതോടെ അഭയാര്‍ത്ഥികള്‍ എത്തിയത് ആദ്യമായി തങ്ങളുടെ രാജ്യത്തല്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കാന്‍ ബ്രിട്ടന് ഇനി സാധിക്കില്ല. ഈ ഭേദഗതിയിലൂടെ അഭയാര്‍ത്ഥികള്‍ക്ക് ഏത് രാജ്യത്തേക്കും കടക്കാനും അവിടെ താമസമാക്കാനുമാകും.
യൂറോപ്യന്‍ യൂണിയന്റെ ഭാഗമെന്ന നിലയില്‍ ബ്രിട്ടന് കുടിയേറ്റ നയത്തില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബറില്‍ ജര്‍മനിയിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കില്ലെന്ന ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലിന്റെ പ്രഖ്യാപനത്തോടെ തന്നെ ഡബ്ലിന്‍ കരാര്‍ ഇല്ലാതായെന്ന് പറയാം. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാനായി കരാറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും മെര്‍ക്കല്‍ മുന്നോട്ട് വച്ചിരുന്നു.
1990ല്‍ അയര്‍ലന്റിന്റെ തലസ്ഥാനത്തമായ ഡബ്ലിനില്‍ നടന്ന ഉച്ചകോടിയിലാണ് ഈ നിയമം നിലവില്‍ വന്നത്. കരാര്‍ ദീര്‍ഘകാലമായി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
	
		

      
      



              
              
              



