ലണ്ടന്‍: ആഭ്യന്തരയുദ്ധത്തേത്തുടര്‍ന്ന് ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥികളായെത്തിയ ആയിരക്കണക്കിനു കുട്ടികളെ ഐസിസ്, താലിബാന്‍ മേഖലകളിലേക്ക് തിരിച്ചയച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. രക്ഷിതാക്കളില്ലാതെ എത്തിയ കുട്ടികളാണ് ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടവരില്‍ ഏറെയും. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടെ 2748 കുട്ടികളെ ഇങ്ങനെ തിരിച്ചയച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളായെത്തി ബ്രിട്ടനില്‍ താമസം ആരംഭിക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്ത കുട്ടികള്‍ പോലും തിരിച്ചയക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ ,സിറിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇവരെ അയച്ചത്.
ആഭ്യന്തര സഹമന്ത്രി ജെയംസ് ബ്രോക്കണ്‍ഷയറാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പുറത്താക്കപ്പെട്ടവരില്‍ 2018 പേരെ അഫ്ഗാനിസ്ഥാനിലേക്കാണ് അയച്ചത്. 2014 മുതല്‍ 60 പേരെ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. പതിനെട്ടു വയസു തികയുന്ന അഭയാര്‍ത്ഥി കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ലേബര്‍ എംപി യൂയിസ് ഹേയുടെ ചോദ്യത്തിനു മറുപടിയായാണ് ബ്രോക്കണ്‍യര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അനാഥരായ സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികളെ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടു വന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ഉന്നയിക്കപ്പെട്ടത്.
അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നു എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന നാണെ കെട്ട രീതികളേയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നതെന്ന് ഹേ പറഞ്ഞു. ഒരു സുരക്ഷിത സ്ഥാനം തേടിയാണ് യുദ്ധമുഖരിതമായ പ്രദേശങ്ങളില്‍ നിന്ന് കഷ്ടതകള്‍ സഹിച്ച് കുട്ടികള്‍ എത്തുന്നത്. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുന്നതിനു പകരം പ്രായപൂര്‍ത്തിയായാലുടന്‍ തന്നെ അപകടം നിറഞ്ഞ അവരുടെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുകയാണ് സര്‍ക്കാരെന്നും ഹേ വ്യക്തമാക്കി.