ലണ്ടന്‍: അഭയാര്‍ത്ഥികളുടെ നിസഹായത ചൂഷണം ചെയ്ത് മനുഷ്യക്കടത്തുകാര്‍ കഴിഞ്ഞ വര്‍ഷം നാല് ബില്യന്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ കുറ്റവാളികളുടെ ഏറ്റവും പ്രധാന വ്യവസായമായി മനുഷ്യക്കടത്ത് മാറിയിരിക്കുകയാണ്. മയക്കുമരുന്ന് കള്ളക്കടത്തിനെ പിന്തള്ളിയാണ് മനുഷ്യക്കടത്ത് ക്രിമിനല്‍ ലോകത്തെ ഏറ്റവും പണം വാരുന്ന ബിസിനസ് ആയി മാറിയിരിക്കുന്നത്. യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളില്‍ തൊണ്ണൂറ് ശതമാനവും ഇത്തരം സംഘങ്ങള്‍ക്ക് പണം നല്‍കിയാണ് എത്തിയത്. സര്‍ക്കാരുകള്‍ തന്നെയാണ് ഇവരെ തഴച്ച് വളരാന്‍ അനുവദിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ലോ എന്‍ഫോഴ്‌സിംഗ് ബോഡിയായ യൂറോപോള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധവും ദാരിദ്ര്യവും മറ്റും മൂലം കഴിഞ്ഞ കൊല്ലം പത്ത് ലക്ഷത്തിലേറെ പേരാണ് യൂറോപ്പിലേക്ക് എത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി വ്യക്തമാക്കുന്നു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ യാത്രയിലൂടെയാണ് ഇവരിലേറെയും ഇവിടേക്ക് എത്തിയത്. ഇവരുടെ ഈ ദുരിതം പലര്‍ക്കും പണം കൊയ്യാനുളള മാര്‍ഗമായി. ഓരോ കുടിയേറ്റക്കാരനും യൂറോപ്പിലേക്കുളള തങ്ങളുടെ മാര്‍ഗം സുഗമമാക്കാനായി മൂവായിരം ഡോളര്‍ മുതല്‍ ആറായിരം ഡോളര്‍ വരെ മനുഷ്യ,ക്കടത്തു സംഘങ്ങള്‍ക്ക് നല്‍കിയെന്നാണ് സൂചന. കഴിഞ്ഞ കൊല്ലം മനുഷ്യക്കടത്തുകാരുടെ വര്‍ഷമായിരുന്നു. ആയിരക്കണക്കിന് കുറ്റവാളികളാണ് മനുഷ്യക്കടത്തില്‍ പങ്കാളികളായുളളത്. യൂറോപ്പില്‍ മാത്രം ഇത്തരത്തിലുളള 10,700 പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നവര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെയുളളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഒരു രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന ഒരാള്‍ ഇത്തരം പല സംഘങ്ങള്‍ക്കും പണം നല്‍കേണ്ടി വരുന്നു. ഒരു സിറിയക്കാരന് യൂറോപ്പിലേക്ക് കടക്കണമെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യാജ രേഖകളും മറ്റും ആവശ്യമാണ്. ആദ്യം തുര്‍ക്കിയിലെത്തുന്ന ഇവരെ അവിടെ നിന്ന് ബോട്ടിലോ മറ്റു മാര്‍ഗ്ഗങ്ങലിലൂടെയോ ഗ്രീസിലേക്ക് കടത്തും. യൂറോപ്യന്‍ തീരങ്ങളിലെത്തിക്കഴിഞ്ഞാല്‍ ഇവരെ അവിടെ നിന്ന് പാസ്‌പോര്‍ട്ട് വേണ്ടാത്ത ഷെങ്കന്‍ മേഖലകളിലേക്ക് എത്തിക്കാന്‍ കടത്തുകാര്‍ തയ്യാറായി നില്‍പ്പുണ്ടാകും. ഇവിടെ എത്തുന്നതോടെ ധനികരാജ്യങ്ങളായ ജര്‍മനി, ആസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലോ സുഖമായി ജീവിക്കാനാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.

എന്നാല്‍ ഹംഗറി അടക്കമുളള ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും വേലി കെട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരാനായി കയ്യിലുണ്ടായിരുന്ന പണം ഇത്തരം സംഘങ്ങള്‍ക്ക് വീതിച്ച് നല്‍കേണ്ടി വന്നു. ഇതിനിടെ പല പീഡനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പലരുടെയും കുടുംബാംഗങ്ങളെ ഈ സംഘത്തില്‍ പെട്ടവര്‍ തട്ടിക്കൊണ്ടു പോയി. ഇവരുടെ സമ്പാദ്യം കൊളളയടിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്പിലേക്ക് കടത്തിയവരില്‍ പലരെയും ഈ സംഘങ്ങള്‍ മയക്കുമരുന്ന് കളളക്കടത്ത് ശൃംഖലയുടെ ഭാഗമാക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരുടെ എണ്ണം കൂടുന്നതിനാല്‍ സര്‍ക്കാരിന് അവയെ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു. ഇക്കൊല്ലവും കൂടുതല്‍ പേര്‍ യൂറോപ്പിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് ഈ കുറ്റവാളിസംഘങ്ങളുടെ സഹായം ആവശ്യവുമാണ്. അത് കൊണ്ട് തന്നെ ഈ സംഘങ്ങള്‍ക്ക് തഴച്ചു വളരാനുളള സാഹചര്യമാണ് ഇവിടെയുളളത്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനായി വിവരങ്ങള്‍ കൈമാറുകയും പ്രവേശന മേഖലയില്‍ സംയുക്തമായി നിലകൊളളുകയും ചെയ്യേണ്ടതുണ്ട്. ജര്‍മനി അടക്കമുളള രാജ്യങ്ങള്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാനുളള നടപടികള്‍ കൈക്കൊളളുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ലാത്ത സ്ഥിതിയാണുളളത്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയ്ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.