ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഒട്ടേറെ പേരാണ് ക്യാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം അകാലത്തിൽ ജീവൻ വെടിഞ്ഞത്. സ്വാഭാവികമായും എൻഎച്ച് എസിലെ നീണ്ട കാത്തിരിപ്പ് സമയവും ക്യാൻസർ രോഗം മൂലം മരണനിരക്ക് കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്തടുത്തായി 6 യുകെ മലയാളികൾ ആണ് ക്യാൻസർ ബാധിച്ച് മാത്രം മരണമടഞ്ഞത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ രോഗത്തെ കുറിച്ചും വേണ്ട ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും.


പക്ഷേ ചികിത്സ ലഭിക്കാനായി നീണ്ട കാത്തിരിപ്പ് നേരിടുന്നത് രോഗിയെയും ബന്ധുക്കളെയും മാനസികമായി തകർക്കും. ക്യാൻസർ പോലുള്ള രോഗം ബാധിച്ചിട്ടും വിദഗ്ധ ചികിത്സ ലഭിക്കാൻ നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒട്ടേറെയാണ്. യുകെയിലെ ക്യാൻസർ പരിചരണം വൻ പ്രതിസന്ധിയിലാണെന്ന് ചാരിറ്റി റേഡിയോ തെറാപ്പി യുകെ മേധാവിയും ഓങ്കോളജിസ്റ്റുമായ പ്രൊഫസർ പാറ്റ് പ്രൈസ് പറഞ്ഞു . 35 വർഷമായി നേഴ്സായി ജോലിചെയ്ത ക്യാൻസർ രോഗിയായ ടീന ബിനിൻ്റെ അനുഭവം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. മുൻ നേഴ്സായ അവർക്ക് 5 മാസമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്.


ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും മോശപ്പെട്ട കാത്തിരിപ്പ് സമയം ക്യാൻസർ രോഗികൾ അഭിമുഖീകരിച്ചത് 2023 -ലാണെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ക്യാൻസർ രോഗികളിൽ 65.9% പേർക്ക് മാത്രമാണ് 62 ദിവസത്തിനുള്ളിൽ കൃത്യസമയത്ത് അടിയന്തിര ചികിത്സ ലഭിച്ചത്. എന്നാൽ എൻഎച്ച്എസിൻ്റെ ലക്ഷ്യം 85% പേർക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ അടിയന്തിര ചികിത്സ എത്തിച്ചു നൽകുകയെന്നാണ്. എന്നാൽ ഈ ലക്ഷ്യം അവസാനമായി നേടിയത് 2015 -ൽ മാത്രമാണ് .

എൻഎച്ച്എസിൽ നൽകുന്നത് ലോകത്തിലെ മികച്ച ചികിത്സയാണെന്നും എന്നാൽ മികച്ച രോഗപരിചരണം ലഭിക്കാൻ ഇത്രയും നാൾ കാത്തിരിക്കുന്നത് ഭയാനകമാണെന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള പല രോഗികളും പറയുന്നത് . യുകെയിൽ 2020 മുതൽ 225 , 000ത്തോളം ക്യാൻസർ രോഗികൾ അവരുടെ ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നതായി ക്യാച്ച് അപ്പ് വിത്ത് ക്യാൻസർ എന്ന പേരിൽ ക്യാൻസർ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രൊഫസർ പ്രൈസ് പറഞ്ഞു