കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.

സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.

ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.