മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധ്യാപകന്‍ ഒളിവില്‍ പോയത്.
ഫാത്തിമയുടെ ബന്ധുക്കള്‍ കേസ് അന്വേഷിക്കുന്ന കോട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണകാരണമെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. അതേസമയം ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോട്ടൂര്‍ പോലീസ് നല്‍കുന്ന വിശദീകരണം.
നിരുത്തരവാദപരമായാണ് കോട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി പ്രദേശത്തെ പോലീസ് സ്‌റ്റേഷനാണ് കോട്ടൂര്‍. എഫ്‌ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് ആയിഷ തിരിച്ചറിഞ്ഞിരുന്നു. ഫാത്തിമയുടെ മരണത്തിലെ സുപ്രധാന തെളിവായ ആ ഫോണ്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തത്. ഞങ്ങള്‍ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളില്‍ നിന്നും ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്‌ക്രീനിലുണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു. ഈ അധ്യാപകനാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്.
ഇതിനിടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അവര്‍ പറയുന്നു. സുദര്‍ശന്‍ പത്മനാഭന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് 20ല്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. അന്ന് വൈകിട്ടാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണിലെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം സുദര്‍ശന്‍ പത്മനാഭനെതിരെയോ മറ്റേതെങ്കിലും അധ്യാപകര്‍ക്കെതിരെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഐഐടി രജിസ്ട്രാര്‍ പറയുന്നത്.
Leave a Reply