ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ അക്കൗണ്ടിലേക്ക് അടുത്തിടെയെത്തിയ പണത്തെക്കുറിച്ച് പോലീസ് അന്വേഷണം. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്കു പണം മറിഞ്ഞിട്ടുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെയാണു കാക്കനാട് താമസിക്കുന്ന ഇവരും അന്വേഷണ പരിധിയിലേക്ക് എത്തുന്നത്.

ദിലീപും കാവ്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന നടിക്കു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും പങ്കുണ്ട്. ആക്രമിക്കപ്പെട്ട നടി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളില്ലെന്നു പറഞ്ഞിട്ടും ആ വഴിക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം നിഷേധിച്ച് അടുത്തിടെ ഇവര്‍ പത്രക്കുറിപ്പ് ഇറക്കിയത് പോലീസ് സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം ഈ വഴിക്കും നീങ്ങുന്നതിലുള്ള ആശങ്കയാണു പുറത്തുവന്നതെന്നാണു പോലീസ് കരുതുന്നത്.

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തില്‍ ആദ്യാവസാനം പങ്കാളിയായിരുന്നു കാക്കനാട്ടെ നടി. അന്വേഷണം പുരോഗമിച്ചതിനു പിന്നാലെ നിരവധി സാമ്പത്തിക ഇടപാടുകളും ദിലീപും ഈ നടിയും തമ്മിലുണ്ടായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ആളുകള്‍ പറഞ്ഞ ‘മാഡം’ ഇവര്‍ ആണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിലായ പള്‍സര്‍ സുനിയില്‍നിന്നും ഇതേക്കുറിച്ചു വിവരങ്ങള്‍ ലഭിക്കുമെന്നും കണക്കാക്കുന്നു. 2011ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഓരോ കണ്ടെത്തലുകളും പുതിയ കേസിലും നിര്‍ണായകമാണ്.