ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഭാര്യയും മക്കളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായതിന്റെ ആശ്വാസത്തിൽ രഘിബ്. ബ്രിട്ടീഷ് പൗരന്മാരായ ഭാര്യയും കുട്ടികളും രോഗബാധിതരായ ബന്ധുക്കളെ പരിചരിക്കുന്നതിനായി അഫ്ഗാനിൽ ഉണ്ടായിരുന്നെങ്കിലും താലിബാന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിൽ കുടുങ്ങിപ്പോയി. എന്നാൽ കുട്ടികൾ പഠിക്കുന്ന നോട്ടിംഗ്ഹാം സ്കൂളിലെ പ്രധാനദ്ധ്യാപിക അവരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാൻ രജിസ്റ്റർ ചെയ്തു. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള എയർപോർട്ടിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷവാനായെന്ന് അവരുടെ പിതാവ് രഘിബ് പറഞ്ഞു. എന്നാൽ അമ്മയും 24 വയസുള്ള മകളും അവളുടെ രണ്ട് കുട്ടികളും അടങ്ങുന്ന സംഘത്തിന് സുരക്ഷാ കാരണങ്ങളാൽ പ്രവേശനം ലഭിച്ചില്ല. കഴിഞ്ഞ ഒരാഴ്ചയായി അവരെക്കുറിച്ച്, പ്രത്യേകിച്ച് കുട്ടികളെക്കുറിച്ച് വളരെ ആശങ്കയിലാണെന്ന് രഘിബ് പറഞ്ഞു. “ഞങ്ങൾ അവർക്ക് വിസ നേടാൻ ശ്രമിച്ചു. ഞങ്ങൾ എന്ത് ചെയ്യുമെന്ന് ചോദിച്ചു അവർ എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാൻ വളരെയധികം വിഷമിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവർ ഇപ്പോൾ സുരക്ഷിതരാണെന്നും അതിൽ വളരെ ആശ്വാസമുണ്ടെന്നും പിതാവ് അറിയിച്ചു.

“അവരെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുവരാനായി ഞാൻ രജിസ്റ്റർ ചെയ്തു. അവർ ബ്രിട്ടീഷ് പൗരന്മാരാണ്, അതിനാൽ ഹോട്ടലിലേക്കും വിമാനത്താവളത്തിലേക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.” മെല്ലേഴ്സ് പ്രൈമറി സ്കൂൾ ഹെഡ് ടീച്ചർ അമണ്ട ഡോസൺ വെളിപ്പെടുത്തി. “ഇളയ പെൺകുട്ടി എനിക്ക് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. അവൾ ശരിക്കും അസ്വസ്ഥയായിരുന്നു. വെടിവെയ്പ്പും അക്രമവും അവളെ ശരിക്കും ഭയപ്പെടുത്തി.” അവർ കൂട്ടിച്ചേർത്തു. പുതിയൊരു രാജ്യം താലിബാൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൊടും ക്രൂരതയുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് ഓരോ ദിനവും കടന്നുവരുന്നത്.