പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്. വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.

രണ്ടുദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ താന്‍ ഉണ്ടാകരുതെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ആ കാരണം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും അറിയുമെന്നും പറഞ്ഞു.

പ്രതി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവില്‍പ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.പി. ദിവ്യയില്‍നിന്ന് തങ്ങള്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമെന്ന് സാക്ഷികള്‍ക്ക് ഭയമുണ്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ പിന്തിരിപ്പിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയുംചെയ്യും. രണ്ട് പെണ്‍മക്കളുടെ ഏക ആശ്രയമായിരുന്നു എ.ഡി.എം. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുടെയും കോന്നി തഹസില്‍ദാരായ ഭാര്യയുടെയും ഏക തുണയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതിയെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.