തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ ചുമതലയില്‍നിന്ന് നീക്കിയത്. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പുതന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Leave a Reply