28 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു വനിതാ എംപി ഉണ്ടാകുന്നത്. 1991-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. ആലത്തൂരിലെ മിന്നും വിജയത്തോടെ കോണ്‍ഗ്രസിന്റെ പുതുമുഖതാരോദയമായി മാറി രമ്യ ഹരിദാസ്.
നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്.

വനിതകളെ മത്സരാര്‍ഥിയാക്കാന്‍ പൊതുവേ വിമുഖതയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രമ്യയുടെ വിജയം യുവതികള്‍ക്ക് പാര്‍ട്ടിയിലേക്ക് കൂടുതലായി വഴി തെളിക്കും. എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയില്‍ ഒന്നര ലക്ഷത്തിലേറെ വോ‌ട്ടുനേടിയാണ് രമ്യ വിജയം കൈവരിച്ചത്. എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും