ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ കുഴിച്ചുമൂടിയ കേസിൽ 2 പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. മുഖ്യപ്രതി മനോജ് ഉൾപ്പെടെ 4 പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. പൂതക്കുളം പാണാട്ടുചിറയിൽ ബൈജു (കൈതപ്പുഴ ഉണ്ണി – 40), കിളികൊല്ലൂർ പവിത്ര നഗർ (50) വിനീത മന്ദിരത്തിൽ വിനേഷ് (38) എന്നിവരെയാണു റിമാൻഡ് ചെയ്തത്. മനോജ് ഉൾപ്പെടെ ഒളിവിലുള്ള പ്രതികളുടെ ഫോൺ ഓഫാക്കിയ നിലയിലാണ്. ഒന്നിലധികം സിം കാർഡുകൾ ഇവർ ഉപയോഗിക്കുന്നുണ്ട്.

ഏതാനും ദിവസം മുൻപു മനോജ് മയ്യനാട് ടവർ പരിധിയിൽ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് മൊബൈൽ ഫോൺ ഓഫ് ചെയ്തു. രഞ്ജിത്തിനെ പോളച്ചിറയിലെ വിജനമായ സ്ഥലത്തു കാറിൽനിന്നു പുറത്തിറക്കാതെ സീറ്റിൽ ഇരുത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴിനൽകി. പരവൂർ നെടുങ്ങോലം സ്വദേശി ഉണ്ണിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണു പോളച്ചിറ ഏല.

മൃതദേഹം തമിഴ്നാട്ടിലെ വിജനമായ സ്ഥലത്തു കുഴിച്ചിട്ടു മടങ്ങിയെത്തിയശേഷം സംഘം പലവഴിക്കു പിരിഞ്ഞു. അസി. പൊലീസ് കമ്മിഷണർ എ.പ്രദീപ്കുമാർ, ഇരവിപുരം സിഐ ബി.പങ്കജാക്ഷൻ, കിളികൊല്ലൂർ ക്രൈം ഇൻവസ്റ്റിഗേഷൻ എസ്ഐ വി.അനിൽകുമാർ, എസ്ഐ ആർ.വിനോദ്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഞ്ജിത്തിന്റെ മൃതദേഹം പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

ക്രൂരമായി മർദിച്ചാണു രഞ്ജിത്തിനെ കൊല്ലപ്പെടുത്തിയതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ചവിട്ടേറ്റ് 24 വാരിയെല്ലുകളും ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചുകയറി. തൊണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ട്. ശബ്ദം പുറത്തുവരാതിരിക്കാൻ ഇടിച്ചതോ കഴുത്തിൽ കുത്തിപ്പിടിച്ചതോ കൊണ്ടാകാം ഇത്. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്.

കാറിൽ നിന്നു പുറത്തിറക്കാതെ സീറ്റിൽ ഇരുത്തിയാണു വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്നു പിടിയിലായവർ പൊലീസിനോടു പറഞ്ഞു. മൂന്നു കൊലപാതക ശ്രമവും കൊള്ളയും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടുണ്ണിയുടെ (ഉണ്ണി) പക്കൽ കത്തിയുണ്ടായിരുന്നെങ്കിലും കുത്തിപ്പരുക്കേൽപ്പിച്ചില്ല. എന്നാൽ കത്തി തിരിച്ചുപിടിച്ച് ഇടിച്ചു. കൊല്ലത്തെ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ ഏഴു വർഷം മുൻപു ഗുണ്ടാസംഘം കൊലപ്പെടുത്തിയതും തൊഴിച്ചു വാരിയെല്ല് തകർത്താണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാവിനെ ആളൊഴിഞ്ഞ ഏലയിലെത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ലഹരിസംഘത്തിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. പിടിയിലായ കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന ബൈജുവും പിടിയിലാകാനുള്ള ഒന്നാം പ്രതി പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും പല കേസുകളിൽ ജയിലിൽ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്. ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവു കച്ചവടം തുടങ്ങി ഒട്ടേറെ കേസുകൾ ഇവർക്കെതിരെയുണ്ട്.

മയ്യനാട്, കൈതപ്പുഴ, പരവൂർ, നെടുങ്ങോലം, ഡീസന്റ് ജംക്‌ഷൻ എന്നീ ഭാഗങ്ങളിലുള്ള ഇവർ ലഹരി വിൽപന നടത്തിയാണു പണം കണ്ടെത്തുന്നതെന്നു പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങളായും ഇവർ പ്രവർത്തിക്കുന്നുണ്ട്. അക്രമ സംഭവങ്ങൾക്കു ശേഷം ഇവർ അഭയം തേടുന്നത് കൈതപ്പുഴ, മയ്യനാട് ഭാഗങ്ങളിലാണ്. പരവൂർ കായലിലെ കണ്ടൽക്കാടുകളും പ്രധാന ഒളിസങ്കേതങ്ങളാണ്.

രഞ്ജിത്തിനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നു സുഹൃത്തുക്കൾക്കു സംശയമുണ്ടായിരുന്നു. പ്രാവിനെയും മുയലിനെയും വിൽപന നടത്തുന്ന രഞ്ജിത്ത് ഒന്നോ രണ്ടോ ദിവസത്തിലധികം വീട്ടിൽനിന്നു വിട്ടുനിൽക്കുന്ന പതിവില്ല. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു സുഹൃത്തുക്കൾ സംശയിച്ചത്.

ഇവരിൽ പലരും മനോജിന്റെയും സുഹൃത്തുക്കളാണ്. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്നു മനോജ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെടുക്കാനാവാത്ത വിധം മറവുചെയ്തെന്നും പരന്നു. കൊല്ലപ്പെട്ടതായി പ്രചരിച്ചപ്പോൾ അതിൽ കൈതപ്പുഴ ഉണ്ണിക്കു പങ്കുണ്ടോ എന്നറിയാൻ അയാളുടെ സഹോദരൻ മറ്റൊരു പ്രതിയായ വിനേഷിനെ കണ്ടിരുന്നു. ഒരു മുടിപോലും പുറത്തുവരില്ലെന്നു പറഞ്ഞു വിനേഷ് മടക്കി അയയ്ക്കുകയായിരുന്നു.