കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തില്‍ പ്രതികരിച്ച്‌ പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് വൈദികന്‍ മരിച്ചതെന്ന് പറയുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് ഫാ കുര്യാക്കോസ് കാട്ടുതറ(62)യെ ദസൂയിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പാടുള്ളൂവെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഢനക്കേസില്‍ സാക്ഷിയും ഫാ കുര്യാക്കോസ്. കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനു പിന്നാലെ ഇദ്ദേഹത്തെ ജലന്ധര്‍ രൂപത കൗണ്‍സില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച്‌ ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു. പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.

ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു. ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.