മായാറാണി
കഴിഞ്ഞ ദിവസം വാട്സാപ്പിൽ അയച്ചുകിട്ടിയ ഒരു കൊച്ചു കഥ…
സന്ധ്യയായപ്പോൾ അപ്പൻ മകനോട് പറഞ്ഞു. “മകനേ ഇരുട്ടായത് കണ്ടില്ലേ? വിളക്ക് കത്തിക്കൂ”. അൽപനേരം കഴിഞ്ഞു കത്തിച്ച വിളക്കുമായി വന്ന മകൻ അപ്പനോട് ചോദിച്ചു. “അപ്പാ കത്തിച്ച വിളക്കുമായി ഞാൻ ചെല്ലുന്നിടത്തൊന്നും ഇരുട്ടില്ല. പിന്നെ ഞാൻ ഇത് എവിടെ വെയ്ക്കും?”
കഥ അവസാനിച്ചു…
കാര്യം നിറഞ്ഞ കഥ.
“നിങ്ങൾ ലോകത്തിന്റെ പ്രകാശം ആണ് ” (മത്താ :5/14). ഈ ലോകത്തിലെ അന്ധകാരം അകറ്റി വെളിച്ചമായി തീർന്നുകൊണ്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടവർ നമ്മൾ…. എന്നാൽ പ്രകാശം പുറപ്പെടുവിക്കേണ്ട അഗ്നിയുടെ കനൽ, ചാരത്തിൽ അകപ്പെട്ടിരിക്കുകയാണോ? എങ്കിൽ ഊതിക്കത്തിക്കാൻ ഇതാ സമയം അടുത്തിരിക്കുന്നു. മാനസാന്തരത്തിന്റെ അരൂപിയായ ആപ്പ് ഡൌൺ ലോഡ് ചെയ്തു അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കും മരണത്തിൽ നിന്നും ജീവനിലേക്കും ഓരോ ലിങ്ക് അങ്ങ് കൊടുക്കാം … എങ്കിൽ പിന്നെ താമസിക്കേണ്ട, പരിശുദ്ധാത്മാവിനോട് ആപ്പ് ഡൗൺലോഡ് ചെയ്യാനായി വൈഫൈ പാസ്സ്‌വേർഡ് ചോദിച്ചോളൂ…
ഫ്രം അന്ധകാരം ടു പ്രകാശം
ഏശയ്യ 9:2 ലെ പ്രവചനത്തിന്റെ പൂർത്തീകരണമായി അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് വലിയ പ്രകാശം ആയി കർത്താവ് തന്റെ ദൗത്യം ആരംഭിച്ചു. സത്യത്തിൽ അന്ധകാരത്തിൽ കഴിയുന്നവനു പ്രകാശം എന്തെന്ന് അറിയില്ല. അതുകൊണ്ടുതന്നെ പ്രകാശം അവന്റെ സങ്കല്പത്തിലെ ‘എന്തോ ഒരു സംഗതി’ മാത്രം ആണ്. സങ്കൽപം എന്നെങ്കിലും യാഥാർഥ്യമായാൽ ‘ആ എന്തോ സംഗതി’ അവൻ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും അപ്പുറം ആയിരിക്കും. നമ്മുടെ ജീവിതത്തിലെ ‘ഈശോ അനുഭവ’വും ഇങ്ങനെ ആണ്. ആഗ്രഹിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും സ്വപ്നം കാണുന്നതിലും അധികമായി നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കാൻ ഈശോയുടെ സാന്നിധ്യത്തിന് കഴിയും. അതിനാൽ ഈശോയെ കാണാൻ ഹൃദയ വിശുദ്ധി ഉള്ളവരാകാം. “ഹൃദയ വിശുദ്ധിയുള്ളവർ ദൈവത്തെ കാണും “(മത്താ 5:8).
വി. പൗലോസ് സ്ലീഹ ഇപ്രകാരം പറയുന്നു.” ഒരിക്കൽ നിങ്ങൾ അന്ധകാരം ആയിരുന്നു. ഇന്ന് നിങ്ങൾ കർത്താവിന്റെ പ്രകാശം ആയിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ” (എഫേ :5/8-9).
തിരി തെളിക്കാൻ എളുപ്പമാണ്. അത് അണയാതെ കാത്തുസൂക്ഷിക്കാനാണു പ്രയാസം…
ഒരിക്കലും വീണിട്ടില്ല എന്നതിലല്ല വീണിടത്തുനിന്നും എഴുന്നേൽക്കുന്നു എന്നതിലാണല്ലോ മനുഷ്യന്റെ മഹത്വം. കർത്താവേ അങ്ങ് ഞങ്ങളുടെ ഊർജ്ജവും പരിശുദ്ധാത്മാവേ അങ്ങ് ഞങ്ങളുടെ വിളക്കിലെ എണ്ണയുമാകേണമേ…
ഡെസ്റ്റിനേഷൻ ജീവൻ…
ഫ്രം മരണം
കർത്താവിന്റെ ആഗമനം മരണത്തിൽ നിന്നും ജീവനിലേക്കുള്ള ഒരു നയിക്കപ്പെടലാണ്. “മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്ക് ഒരു ദീപ്തി ഉദയം ചെയ്തു “(മത്താ :4/16). മരണം ഇന്ന് പലവിധത്തിലാണ്. ശരീരത്തിൽ മാത്രമല്ല മനസിലും വിശ്വാസത്തിലും മരണം സംഭവിച്ചവർ ധാരാളം. ഈ കോവിഡ് 19 മഹാമാരിയിൽ നാം ‘ജീവനോ’ടെ തന്നെ ആണോ? അതോ ജീവിച്ചിരിക്കിലും ‘മരിച്ചു’ കഴിഞ്ഞോ? മനസ് മരവിച്ചവർ ഏറെയാണിന്ന്. സാമ്പത്തിക ക്ലേശത്താൽ, ഉറ്റവരുടെ മരണത്താൽ, തൊഴിലില്ലായ്മയാൽ നിരാശ ബാധിച്ചു മനസ് മരിച്ചു പലർക്കും. നിയമാവർത്തനം 8/ 15-16 ൽ ഇപ്രകാരം പറയുന്നു. “ആഗ്നേയ സർപ്പങ്ങളും തേളുകളും നിറഞ്ഞ വിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെയാണ് അവിടുന്ന് നിങ്ങളെ നയിച്ചത്. നിങ്ങളെ എളിമപ്പെടുത്താനും പരീക്ഷിക്കാനും നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു അത്”. അനുഗ്രഹിക്കപ്പെടാൻ വേണ്ടി തേനും പാലും ഒഴുകുന്ന ഒരു കാനാൻ ദേശത്തിന്റെ അനുഭവം നമുക്കു നൽകാനുള്ള പരീക്ഷണമായി ഈ ആധികളെയും വ്യാധികളെയും കാണാം.. തിരിച്ചറിയാം.. മനസിനെ ബലപ്പെടുത്താം. വിശുദ്ധ ലിഖിതം പറയുന്നത് ശരീരത്തെ അല്ല ആത്മാവിനെ നശിപ്പിക്കുന്നവനെ നാം ഭയപ്പെട്ടാൽ മതിയെന്നാണ്.
വിശ്വാസം മരണാസന്നമാകുന്നുണ്ടോ?
ഇത് വിശ്വാസം പരീക്ഷിക്കപ്പെടുന്ന കാലഘട്ടം. ഇവിടെ നമ്മുടെ വിശ്വാസം മരണാസന്നമാകുന്നുണ്ടോ? സുഖകരമായ, കഷ്ടപ്പാടും രോഗവും ഇല്ലാത്ത ജീവിതമാണോ നമ്മുടെ വിശ്വാസത്തിന്റെ അളവുകോൽ?… അതോ പരീക്ഷിക്കപ്പെടുമ്പോഴും പരിക്കേൽക്കാത്ത ആശ്രയത്വവും ഉലയാത്ത ബോധ്യവുമാണോ?. ‘മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അങ്ങ് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല’ എന്ന സങ്കീർത്തകന്റെ സ്തുതികൾ നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്.
സ്വർഗരാജ്യം ഒരു ‘കോമ്പോ ഓഫർ’
നടന്ന വഴിയിൽ നിന്ന് മാറി നടന്നവരാണ് മഹാത്മാക്കൾ. ഒരു “യൂ ടേൺ ” നു സമയം ആയിട്ടുണ്ട്. “മനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു “(മത്താ :4/17). “സ്വർഗ്ഗരാജ്യം” എന്ന വലിയ അനുഭവമാണ് ‘മാനസാന്തരം’ എന്ന ആപ്പ് ഡൌൺ ലോഡ് ചെയ്താൽ കിട്ടുന്ന മെഗാ ഓഫർ. “ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും ആണ് “(റോമ :14/17). സത്യത്തിൽ ഇത് ഒരു കോമ്പോ ഓഫർ അല്ലെ ?! ഈ ഓഫർ സ്വന്തമാക്കാനുള്ള നിബന്ധനകൾ ഇതാ.. ” ആത്മാവിൽ ദരിദ്രരായിരിക്കുകയോ നീതിക്കുവേണ്ടി പീഡസഹിക്കുകയോ ചെയ്യണം…. സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ് “(മത്താ :5/10). ആത്മാവിൽ ദരിദ്രരാകാൻ, സ്വയം ശൂന്യവത്കരിച്ച ക്രിസ്തുവിനെ മാതൃകയാക്കാൻ ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിലൂടെ വി. പൗലോസ് ഓർമപ്പെടുത്തുന്നു. എളിമപ്പെടലാണ് ആവശ്യം. “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കാണണം. സ്വന്തം താല്പര്യം അല്ല അപരന്റെ താല്പര്യം കൂടെ പരിഗണിക്കണം” (ഫിലി:2/3). “താണനിലത്തേ നീരോടൂ .. അവിടെയെ ദൈവം കൃപചൊരിയു”… എളിമയുടെ ജീവിതം സ്വർഗ്ഗരാജ്യ അനുഭവം നമുക്ക് സമ്മാനിക്കാതെയിരിക്കില്ല. അതുപോലെ തന്നെ നീതിക്കുവേണ്ടി പീഡകൾ ഏറ്റ ഫാ. സ്റ്റാൻ സ്വാമിയും കൽക്കട്ടയുടെ തെരുവുകളിൽ സ്വയം ശൂന്യവൽക്കരിച്ച മദർ തെരെസയും ഒക്കെ എന്നേ സ്വർഗ്ഗരാജ്യം സ്വന്തമാക്കി. കോമ്പോ ഓഫർ സ്വന്തമാക്കി, അതിനൊരു ഫൈവ് സ്റ്റാർ റേറ്റിംഗ് ഇടാനുള്ള സമയമിതാ ഇവിടെ ആരംഭിക്കുന്നു…..സമയമില്ല…
ടൈം ഔട്ടും ലോഗ് ഔട്ടും ആകാതെ സൂക്ഷിക്കണേ.
അനുഗ്രഹിക്കുന്നതിൽ പിശുക്കില്ലാത്ത ദൈവം തലയ്ക്കുള്ളിൽ വെളിച്ചം നിറയാൻ തന്റെ പൊൻകരമുയർത്തി നമ്മെ അനുഗ്രഹിക്കട്ടെ.
Leave a Reply