തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിനു ശേഷം വര്‍ഗീയത പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പിയത് ഞാനാണെന്നും താനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതീഷ് സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയിലെത്തി കഞ്ഞി കുടിച്ചത്. ശേഷം ‘നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നെന്നും ഭക്ഷണശാലയിലെ മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന പ്രതീഷിനെപ്പോലുള്ളവര്‍ നാടിനെ കൊല്ലുന്ന വിഷവിത്തുകളാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ലെന്ന് ജയന്‍ പ്രതീഷിന് മറുപടി എഴുതി.

ജയന്റെ മറുപടി ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേയെന്നും ജയന്‍ തോമസ് പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് തക്ക മറുപടിയാണ് ജയന്‍ നല്‍കിയിട്ടുള്ളതെന്ന് നവമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

ജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയില്‍
അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്

ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന
ഹിന്ദുവല്ല…
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്‌കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങള്‍ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍
നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും
ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും
എആ യില്‍ കുറിച്ചതിനും നന്ദി

ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവര്‍ത്തകന്‍