ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഹാരി രാജകുമാരനും ഭാര്യ മേഗനും ക്ഷണമുണ്ടാവുകയില്ലെന്ന സൂചനങ്ങളാണ് പുറത്തുവരുന്നത്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ക്ഷണം ഉണ്ടായാൽ ഇരുവരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സന്നദ്ധരാണെന്ന സൂചനകൾ മുൻപ് ഉണ്ടായിരുന്നു. ചാൾസ് രാജാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഇരുവരും രാജാവിനോട് ഫോണിൽ സംസാരിച്ച് ആശംസകൾ അറിയിച്ചെന്നുള്ള വാർത്തകൾ ശുഭ സൂചനകളാണ് നൽകിയിരുന്നത്. തങ്ങളുടെ മക്കളായ ആർച്ചിയുടെയും ലില്ലിബെത്തിന്റെയും വീഡിയോകളും ഇരുവരും ചാൾസ് രാജാവിന് അയച്ചതായുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതോടെ രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതായുള്ള സൂചനകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരുവർക്കും ക്ഷണം ഉണ്ടാവുകയില്ലെന്ന റിപ്പോർട്ടുകൾ തികച്ചും വിഭിന്നമാണ്. ഹാരിക്കും മേഗനും ചടങ്ങിലേക്ക് ക്ഷണം ഉണ്ടായാൽ വില്യമും ഭാര്യ കെയ്റ്റും ചടങ്ങിൽ പങ്കെടുക്കുമോ എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.


ചാൾസ് രാജാവ് സ്കോട്ട് ലൻഡ് സന്ദർശിക്കുമ്പോൾ അവിടേക്ക് ഇരുവരെയും ക്ഷണിക്കാനാണ് കൂടുതൽ സാധ്യതകൾ എന്ന് മറ്റൊരു രാജകുടുംബ വക്താവ് സൂചിപ്പിച്ചു. ആ സമയത്ത് വില്യമും ഭാര്യയും നോർഫോക്കിലെ തങ്ങളുടെ വസതിയിൽ ആയിരിക്കും എന്ന കാരണമാകാം ഇതിനുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. രാജാവ് തന്റെ മകനെ അവഗണിക്കുക ഇല്ലെന്നും, വളരെ സാവധാനം ബന്ധങ്ങൾ പുനഃസൃഷ്ടിക്കുമെന്നുമുള്ള സൂചനകൾ ആണ് പുറത്തുവരുന്നത്.