ശമ്പളം കിട്ടി നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരാണോ, എങ്കില്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ തീർച്ചയായും അറി‍ഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്. അതിനായി ഇന്ത്യന്‍ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുമോ കുറയുമോയെന്ന് അറിയണം. യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും മൂല്യം ഇടിയും.

യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 84 രൂപ 15 പൈസയാണെങ്കില്‍ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ മതി. വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളില്‍ ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ മൂല്യവും താഴേക്ക് വന്നിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു രാജ്യത്തിന്‍റെ കറന്‍സി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതല്‍, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാല്‍ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാല്‍ ഇന്ത്യന്‍ രൂപയടക്കമുളള കറന്‍സികളില്‍ ഉണർവ്വ് പ്രകടമാകും.