ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- മലയാളിയായ പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാനേജിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ യുഎസിലെ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പിന്റെ മാനേജിംഗ് ചുമതലയിലുള്ള ഡാലി എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയത്. ബാൾട്ടിമോറിലെ 2.6 കിലോമീറ്ററിലധികം (1.6 മൈൽ) നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് കപ്പലടിച്ചുണ്ടായ അപകടത്തെ തുടർന്ന് തകർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ളതാണ് ഈ ചരക്ക് കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുറമുഖത്ത് നിന്ന് പുറപ്പെട്ടതിനുശേഷം കപ്പലിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.
പോർട്ട് ബ്രീസിലെ ടെർമിനലിൽ നിന്ന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. അപകടത്തിന് തൊട്ടുമുൻപ് കപ്പലിൽ നിന്നും ജീവനക്കാർ അപായ സന്ദേശം അയച്ചത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇടയായെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ആ സമയത്ത് പാലത്തിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ ആണ് പുഴയിലേക്ക് വീണത്. അതോടൊപ്പം തന്നെ പാലത്തിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന എട്ടുപേരും വെള്ളത്തിൽ വീണു. ഇവരിൽ ആറു പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. പാലം പുനർ നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചിലവും ഗവൺമെന്റ് വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
അപകട സന്ദേശം ലഭിച്ച ഉടൻ തന്നെ പാലത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുവാൻ സാധിച്ചതും രക്ഷ ആയതായി അധികൃതർ വ്യക്തമാക്കുന്നു. മരണപ്പെട്ടവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. ഇതിൽ ഒരാൾ മെക്സിക്കൻ സ്വദേശിയും, മറ്റൊരാൾ ഗ്വാട്ടിമാലയിൽ നിന്നുള്ള പൗരനുമാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഉദ്യോഗസ്ഥർ കപ്പലിൻ്റെ ഡാറ്റാ റെക്കോർഡ് അഥവാ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തതായും, ഇത് അപകടത്തിൻ്റെ കൃത്യമായ ടൈംലൈൻ ശേഖരിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തകർച്ച, യുഎസ് കിഴക്കൻ കടൽത്തീരത്തെ വ്യാപാരത്തിൻ്റെ ഒരു സുപ്രധാന ശൃംഖലയായ, ബാൾട്ടിമോർ തുറമുഖത്തെ അനിശ്ചിതമായുള്ള അടച്ചുപൂട്ടലിലേക്ക് നയിച്ചിരിക്കുകയാണ്. ഇത് പ്രദേശത്തെ സാമ്പത്തികപരമായും ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഏവരെയും അഭിനന്ദിക്കുന്നതായും, അതോടൊപ്പം തന്നെ കപ്പലിൽ നിന്ന് അപകട സന്ദേശം അയക്കാൻ ശ്രമിച്ചവരോടുള്ള നന്ദിയും അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് അറിയിച്ചു. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply