ബ്രിട്ടീഷുകാരില്‍ പത്തില്‍ നാലു പേരും സത്യസന്ധതയില്ലാത്തവരും വഞ്ചകരുമാണെന്ന് പഠനം. കണ്ടുപിടിക്കില്ല എന്ന ഉറപ്പുണ്ടെങ്കില്‍ അത്യാവശ്യം തട്ടിപ്പു കാണിക്കാന്‍ ഇവര്‍ മടിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ആരെങ്കിലും എടിഎമ്മുകളില്‍ അറിയാതെ വിട്ടു പോകുന്ന പണം എടുത്തു പോക്കറ്റിലിടാന്‍ പകുതിയോളം ബ്രിട്ടീഷുകാര്‍ക്കും മടിയില്ലെന്ന് വിശദമായ പഠനം പറയുന്നു. ഷോപ്പുകളില്‍ നിന്ന് ബാക്കി തരുന്ന പണം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് 53 ശതമാനം പേരും നിശബ്ദത പാലിക്കാറാണ് പതിവ്. തങ്ങളുടെ സ്വന്തമല്ലാത്ത രണ്ടര ലക്ഷം പൗണ്ട് വരെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് മൂന്നിലൊന്നു പേരും വെളിപ്പെടുത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ബ്രിട്ടീഷുകാര്‍ ഇങ്ങനെ ചെയ്യൂ.

ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം സത്യസന്ധതയാണെന്നാണ് 78 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു ശരാശരി ബ്രിട്ടീഷുകാരന്‍ ദിവസം ഒരു നുണയെങ്കിലും പറയാറുണ്ടത്രേ! സ്‌കൈ വണ്‍ അവതരിപ്പിക്കുന്ന പുതിയ സീരീസായ ദി ഹെയിസ്റ്റിനു വേണ്ടിയാണ് ഈ റിസര്‍ച്ച്. ഷോയിലെ ഡിറ്റക്ടീവായ റേയ് ഹോവാര്‍ഡായിരുന്നു പഠനം നടത്തിയത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പാണെങ്കില്‍ സാമ്പത്തികലാഭത്തിനു വേണ്ടി ആളുകള്‍ എന്തു നുണയും പറയാന്‍ തയ്യാറാണെന്നത് വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നാം വിചാരിക്കന്നത്ര സത്യസന്ധരാണോ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതു വിധത്തിലായിരിക്കും പ്രതികരിക്കുകയെന്നതും നമുക്കു തന്നെ അജ്ഞാതമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

2000 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. ഇവരില്‍ 14 ശതമാനം പേരും എടിഎമ്മുകളില്‍ കാണുന്ന ഉപേക്ഷിക്കപ്പെട്ട പണം ഉടന്‍തന്നെ പോക്കറ്റിലാക്കും. 32 ശതമാനം പേര്‍ പണത്തിന്റെ ഉടമസ്ഥര്‍ സമീപത്തുണ്ടോ എന്ന് തെരയും. ആരും ഇല്ലെങ്കില്‍ എടുക്കും. 35 ശതമാനം പേര്‍ മാത്രമാണ് ഉടമസ്ഥരില്ലാത്ത പണം ബാങ്കിലോ പോലീസിലോ ഏല്‍പ്പിക്കുമെന്ന് വ്യക്തമാക്കിയത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ബ്രിട്ടീഷുകാരുടെ ഈ പ്രത്യേക മനസ്. സുഹൃത്തുക്കളുടെ പാര്‍ട്‌നര്‍മാര്‍ അവരെ ചതിക്കുന്നുണ്ടെന്ന് കണ്ടാല്‍ അത് പറഞ്ഞു കൊടുക്കാന്‍ പത്തില്‍ മൂന്നു പേരും തയ്യാറാണ്. 17 ശതമാനം പേര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്തത്. ഗാഡ്ജറ്റുകള്‍ കളഞ്ഞു കിട്ടിയാല്‍ അത് പോലീസിന് കൈമാറാന്‍ ബ്രിട്ടീഷുകാര്‍ ഉത്സാഹം കാട്ടാറുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.