കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി കുറുപ്പുംപറമ്പില്‍ വീട്ടില്‍ സോളമന്‍ (23) ആണ് കൊല്ലത്തിന്റെ താരമായി മാറിയത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നു കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തിയ സോളമനും കൂട്ടുകാരും കാറില്‍ കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് ബൈപാസില്‍ മങ്ങാട് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. പാലത്തില്‍ ആളുകള്‍ നിറഞ്ഞെങ്കിലും ആര്‍ക്കും കായലില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാനായില്ല.

കയര്‍ എറിഞ്ഞു കൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ സോളമന്‍ പാലത്തില്‍ നിന്നു കായലിലേക്കു ചാടി നീന്തിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലേക്കു നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ യുവാവിനെയും സോളമനെയും വള്ളത്തില്‍ കയറ്റി തീരത്തെത്തിച്ചു.

അതേസമയം, സംഭവമറിഞ്ഞു ചാമക്കടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ അയത്തിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലെ പുഴയില്‍ നീന്തിയുള്ള പരിചയം മാത്രം കൈമുതലാക്കിയാണു സോളമന്‍ കായലില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഫിസിയോതെറപ്പി പഠനം കഴിഞ്ഞു മംഗളൂരുവില്‍ പരിശീലനം നടത്തുന്ന സോളമനും കൂട്ടരും ഇന്നലെ രാത്രിയോടെ മടങ്ങി.