റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ ഒന്ന്, എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമാണ്. ഒരു ഗവേഷക വിദ്യാർഥി നല്‍കിയ ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ വേടനെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടൻ അവരെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നും അവിടെവെച്ച് അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായി എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
2020 ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. 21-ാം തീയതിയാണ് എറണാകുളം സെൻട്രല്‍ പോലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ ഈ യുവതി കേരളത്തിലല്ല ഉള്ളത്. അവർ കൊച്ചിയില്‍ എത്തിയാലുടൻ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
വേടനെതിരെയുള്ള തൃക്കാക്കരയിലെ കേസുമായി ബന്ധപ്പെട്ട ഹർജി കോടതി പരിഗണിച്ചതിന് പിന്നാലെയാണ് പുതിയൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Leave a Reply