ഇനി മനുഷ്യര്‍ക്ക് സംസാരിക്കാതെ സംസാരിക്കാം. മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്ന ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചു. ആള്‍ട്ടര്‍ഈഗോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ധരിക്കുന്നവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മനസില്‍ വിചാരിച്ചാല്‍ മതിയാകും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളിലൂടെയാണ് ഈ ഉപകരണം ആശയവിനിമയം നടത്തുന്നത്. എംഐടിയുടെ മീഡിയ ലാബില്‍ നടന്ന ഗവേഷണത്തിലാണ് ഈ ഉപകരണം കണ്ടെത്തിയത്. ഇന്ത്യന്‍ വംശജനായ അര്‍ണവ് കപൂറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യനെയും മെഷീനെയും ആന്തരികമായി ഇണക്കിച്ചേര്‍ക്കുന്ന ഒരു കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള അന്വേഷണമാണ് ഇതിലേക്ക് എത്തിച്ചതെന്ന് കപൂര്‍ വ്യക്തമാക്കി.
ഒരു ഇന്റലിജന്‍സ് ഓഗ്മെന്റേഷന്‍ ഡിവൈസാണ് ഇതെന്ന് കപൂര്‍ പറഞ്ഞു. ടോക്യോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷീനറിയുടെ ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസ് കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. കീഴ്ത്താടിയിലാണ് ഈ ഉപകരണം ഘടിപ്പിക്കേണ്ടത്. സ്ഥാനം തെറ്റാതിരിക്കാന്‍ ചെവിയില്‍ ക്ലിപ്പ് ചെയ്യും. ഉപകരണത്തിലെ നാല് ഇലക്ട്രോഡുകളാണ് ത്വക്കിലെ ന്യൂറോ മസ്‌കുലാര്‍ സിഗ്നലുകള്‍ ഒപ്പിയെടുത്ത് ശബ്ദമാക്കി മാറ്റുന്നത്. മനസില്‍ സംസാരിക്കുന്നകാര്യങ്ങളും ഉപകരണത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാക്കുകളാക്കി മാറ്റും.
കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ഈ സിഗ്നലുകളെ ഡിവൈസ് ശബ്ദമാക്കി മാറ്റി ഉപയോഗിക്കുന്നയാളുടെ ഇയര്‍ഫോണിലെത്തിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സംസാരം സാധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 92 ശതമാനം കൃത്യത ഈ ഉപകരണത്തിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
Leave a Reply