ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യവസായ , കാർഷിക ഗാർഹിക മാലിന്യങ്ങളിൽ നിന്നുള്ള മലിനീകരണം യുകെയിലാകെ ശുദ്ധജല സ്രോതസ്സുകൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും ജലലഭ്യതയെയും ഗുണനിലവാരത്തെയും കാര്യമായി ബാധിക്കുന്നുമുണ്ട്. നദികൾ, തടാകങ്ങൾ, ഭൂഗർഭജലം എന്നിവയുൾപ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകൾ കുടിവെള്ളത്തിനും കൃഷിക്കും അത്യന്താപേക്ഷിതമാണ്. കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങളും നിരീക്ഷണവും കാരണം യുകെയിലെ ജലത്തിൻ്റെ ഗുണനിലവാരം കഴിഞ്ഞ ദശകങ്ങളിൽ ഗണ്യമായി മെച്ചപ്പെട്ടു. ജലസ്രോതസ്സുകൾ ഉയർന്ന പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുകെ വാട്ടർ ഫ്രെയിംവർക്ക് നിർദ്ദേശങ്ങളും മറ്റ് ദേശീയ നിയമങ്ങളും നൽകിയിട്ടുണ്ട് . പരിസ്ഥിതി ഏജൻസിയും സെപയും പോലെയുള്ള ഓർഗനൈസേഷനുകളും മലിനീകരണം തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി ജലത്തിൻ്റെ ഗുണനിലവാരം പതിവായി നിരീക്ഷിക്കുന്നു. എന്നിരുന്നാലും കാലപ്പഴക്കം ചെന്ന മലിനജല സംവിധാനങ്ങളും ജലപാതകളിലെ മൈക്രോപ്ലാസ്റ്റിക്കുകളും ഉയർത്തുന്നത് കടുത്ത ഭീഷണിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നദീ ജലത്തിൻറെ ഗുണനിലവാരം പരിശോധിക്കാനുള്ള വിപുലമായ സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിനായി രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി വൻ വിജയകരമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2024-ൽ എർത്ത്‌വാച്ച് യൂറോപ്പ് എന്ന എൻജിഒ രണ്ട് വാരാന്ത്യങ്ങളിലായി നടത്തിയ നദീ ജല പരിശോധനകളിൽ 7,000-ത്തിലധികം ആളുകൾ ആണ് പങ്കെടുത്തത് . എൻജിഒയും ലണ്ടനിലെ ഇംപീരിയൽ കോളേജും നൽകിയ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധന യുകെയിലുടനീളമുള്ള 4,000 ശുദ്ധജല സൈറ്റുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചു.


പരിശോധനയിലൂടെ ശേഖരിച്ച വിവരങ്ങൾ നദീ ജല മലിനീകരണത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാട്ടർ കമ്പനികളിൽ നിന്നുള്ള മലിനീകരണത്തെ കുറിച്ചും കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങൾ മൂലമുള്ള പ്രശ്നങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായാണ് അറിയാൻ സാധിച്ചത്. 2025 മാർച്ച് മാസത്തോടെ കൂടുതൽ ആളുകളെ പരിശോധനയിൽ പങ്കാളികളാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. നദീ ജലത്തിലെ രാസ മാലിന്യത്തിന്റെ അളവ് ജലജീവികൾക്ക് അതീവ ഹാനികരമായ രീതിയിൽ ഉയർന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത് . സന്നദ്ധ പ്രവർത്തകർ നടത്തിയ പരിശോധനയിൽ യുകെയിലെ ശുദ്ധജലത്തിൽ 61 ശതമാനവും മോശം അവസ്ഥയിലാണെന്നാണ് വിവരണങ്ങളും പുറത്ത് വന്നു .