മുംബൈ: കരുതൽ ധനത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചു. അധിക കരുതൽ ധനം കേന്ദ്രസർക്കാരിന് നല്‍കാമെന്ന ആർബിഐ മുൻ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയുടെ ശുപാർശ ആർബിഐ ബോർഡ് അംഗീകരിക്കുകയായിരുന്നു.
ബോർഡ് അംഗീകാരം നല്‍കിയതോടെ 1,76,051 കോടി രൂപ കേന്ദ്രസർക്കാരിന് നൽകും. ഇതിൽ 1,23,414 കോടി രൂപ 2018-19ലെ അധിക കരുതൽ ധനമാണ്.
റിസർവ് ബാങ്ക് മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ കാലത്ത് സർക്കാർ കരുതൽ ധനം ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. കരുതൽ ധനം കൈമാറുന്നതിൽ ഉർജിത് പട്ടേൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
രഘുറാം രാജന്, ഉര്‍ജിത് പട്ടേല്‍ എന്നിവര്‍ക്കു പുറമേ, മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍മാരായ ഡി. സുബ്ബറാവുവും വൈ.വി റെഡ്ഡിയും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് അറിയിച്ചവരാണ്.
കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന് കൈമാറുന്നത്് വന്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും എന്നാണ് ഈയിടെ ആര്.ബി.ഐയില്‍ നിന്ന് രാജിവച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ പറഞ്ഞിരുന്നത്. സമാന നീക്കം നടത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രം വന്‍ ദുരന്തത്തിലേക്ക് പോയതായി 2018 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര്.ബി.ഐയുടെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാജി വയ്ക്കുകയായിരുന്നു.
Leave a Reply