താലിബാനെതിരെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് അഫ്ഗാൻ തെരുവുകൾ. താലിബാൻ പിടിച്ചെടുത്ത മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് താലിബാന്‍ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകള്‍ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. ഈ മൂന്ന് ജില്ലകള്‍ക്കായി താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ സേനയും തമ്മില്‍ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നുണ്ട്.
പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്.
“ബാഗ്ലാന്‍ പ്രവിശ്യയിലെ താലിബാന്‍ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോള്‍-ഇ-ഹസര്‍ ജില്ലകള്‍ താലിബാനില്‍ നിന്ന് തിരിച്ചുപിടിച്ചു. അവര്‍ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തില്‍ 60 ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്”, താജുദന്‍ ട്വീറ്റ് ചെയ്തു.
അതേസമയം മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തകൻറെ ബന്ധുവിനെ അഫ്ഗാനിസ്താനിൽ താലിബാൻ വധിച്ചു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡി.ഡബ്ല്യു.വിന്റെ മറ്റ് മൂന്നു ജീവനക്കാരുടെ വീട്ടിലും സംഘം തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരെ താലിബാൻ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് സ്ഥാപനം ആരോപിച്ചു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡി.ഡബ്ല്യു. ഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply