സ്വന്തം ലേഖകൻ
യു എസ് :- കൊറോണ ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുവാൻ യുഎസ് തീരുമാനിച്ചു. ടെക്സാസ് നഗരം അടുത്ത ആഴ്ചയോടു കൂടി തുറക്കുമെന്ന് ഗവർണ്ണർ ഗ്രെഗ് അബ്ബോട്ട് അറിയിച്ചു. സംസ്ഥാന പാർക്കുകൾ തിങ്കളാഴ്ചയോടെയും, റീട്ടെയിൽ കടകൾ ഏപ്രിൽ 24 വെള്ളിയാഴ്ചയോടെയും തുറന്നു പ്രവർത്തിക്കും. റീട്ടെയിൽ കടകളിൽ ആളുകൾ കൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇതോടൊപ്പം തന്നെ എല്ലാവരും സമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ ബാധമൂലം നീട്ടി വെച്ച സർജറികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുവാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.
29 മില്യൺ ജനങ്ങളാണ് ടെക്സാസ് നഗരത്തിലുള്ളത്. ഇതുവരെ 17000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 8 മില്യൺ ജനങ്ങൾ മാത്രമുള്ള ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ 120, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നോടു കൂടി രാജ്യം മുഴുവനായുള്ള നിയന്ത്രണങ്ങൾ നീക്കും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്.
ഘട്ടംഘട്ടമായി മാത്രമേ ടെക്സാസ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഉടൻതന്നെ തുറക്കാൻ സാധിക്കുകയില്ല. എന്നാൽ ന്യൂയോർക്കിൽ ലോക് ഡൗൺ മെയ് 15വരെ നീട്ടിയതായി ഗവർണർ ആൻഡ്രൂ ക്യൂയമോ അറിയിച്ചു. യുഎസിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനങ്ങൾ അതാത് ഗവർണർമാർ ആണ് സ്വീകരിക്കുന്നത്.