റിട്ട. എസ്ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Leave a Reply