ബ്രിട്ടനിലെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫാ. ബിജു കുന്നകാട്ടിനു നോട്ടിംഗ് ഹാമിൽ യാത്രയയപ്പും കൃതജ്ഞതാ ബലിയും

ബ്രിട്ടനിലെ  ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി    നാട്ടിലേക്ക് മടങ്ങുന്ന   ഫാ. ബിജു കുന്നകാട്ടിനു   നോട്ടിംഗ് ഹാമിൽ യാത്രയയപ്പും കൃതജ്ഞതാ ബലിയും
January 30 04:02 2020 Print This Article

നോട്ടിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പി ആർ ഓ യും , നോട്ടിംഗ്ഹാം സെന്റ് ജോൻസ് , ഡെർബി സെന്റ് ഗബ്രിയേൽ മിഷനുകളുടെ ഡയറക്ടറും ആയ ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി ഫെബ്രുവരി നാലിന് നാട്ടിലേക്ക് മടങ്ങുന്നു . ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് നോട്ടിംഗ്ഹാമിലെ സെന്റ് പോൾസ് പള്ളിയിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ട് , വൈസ് ചാൻസലർ റെവ.ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പങ്കെടുക്കുന്ന കൃതജ്ഞതാ ബലിയും , തുടർന്ന് യാത്രയയപ്പു സമ്മേളനവും നടക്കും .ഈ വിശുദ്ധ ബലിയിലേക്കും യാത്രയയപ്പു സമ്മേളനത്തിലേക്കും യു കെ യിലെ എല്ലാ സീറോ മലബാർ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റി അറിയിച്ചു .

കേരളത്തിൽ പാലാ രൂപത അംഗമായ ഫാ. കുന്നക്കാട്ട് 2013 ൽ ഉന്നത വിദ്യാഭ്യാസത്തിനായി ആണ് യു കെ യിൽ എത്തിച്ചേർന്നത് .2013 ൽ റെവ . ഫാ. വർഗീസിൽ കോന്തുരുത്തി യിൽനിന്നും , നോട്ടിംഗ് ഹാം ,ഡെർബി ,മാൻസ്ഫീൽഡ് , ഷെഫീൽഡ് ക്ലെഗ്രോസ്സ് എന്നീ അഞ്ചു വിശുദ്ധ കുർബാന സെന്ററുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഫാ ബിജു യു കെ യിലെ സീറോ മലബാർ മക്കളുടെ ഇടയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചത് . പിന്നീട് മലയാളികൾ ഏറെ അധിവസിക്കുന്ന സ്‌കന്തോർപ്പ് , സ്‌പാൽഡിങ് , ബോസ്റ്റൺ , വാർസോപ്പ് റോതെർഹാം എന്നീ അഞ്ചു സ്ഥലങ്ങളിൽ കൂടി വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തന്റെ ശുശ്രൂഷ വ്യാപിപ്പിക്കുകയും ചെയ്തു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം രൂപതയുടെ റീജണുകളുടെയും , പിന്നീട് മിഷനുകളുടെയും രൂപീകരണത്തിനും , സ്ഥാപനത്തിനും പ്രവർത്തനങ്ങൾക്കും ഉജ്വലമായ നേതൃത്വം നൽകിയ ശേഷമാണ് അച്ചൻ ഇപ്പോൾ മാതൃ രൂപതയായ പാലായിലേക്ക് പുതിയ ദൗത്യവുമായി മടങ്ങുന്നത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനവും , അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ മുതൽ ഇങ്ങോട്ട് രൂപതയുടെ പി ആർ ഓ എന്ന നിലയിൽ വളരെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുവാൻ കഴിഞ്ഞു എന്നത് അച്ചന്റെ യു കെ യിലെ പ്രവർത്തനങ്ങളിൽ ഏറെ തിളക്കമാർന്നവയാണ് . നോട്ടിംഗ്ഹാം കത്തീഡ്രൽ അസിസ്റ്റന്റ് വികാരി എന്ന നിലയിൽ നോട്ടിംഗ് ഹാം രൂപത അധ്യക്ഷന്മാർ ആയ ബിഷപ് മാൽക്കം , ബിഷപ് പാട്രിക് എന്നിവരുമായി അടുത്തിടപെഴ കുവാനും , അവരുമായുള്ള സ്നേഹ സമ്പർക്കത്തിലൂടെ തന്റെ സേവനമേഖലയിലെ സീറോ മലബാർ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ രൂപത തലത്തിൽ നിന്നും ലഭ്യമാക്കുവാൻ അച്ചന് സാധിച്ചു എന്നത് നോട്ടിങ്ഹാമിലെയും , ഡെർബിയിലെയും രണ്ടു മിഷനുകളിലും പെട്ട സീറോ മലബാർ വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് ശേഷം അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും , വിശ്വാസ പരിശീലനത്തിനായുള്ള ക്രമീകരണങ്ങൾ ,കുടുംബകൂട്ടായ്മ, വാര്ഷികധ്യാനം ,വിമൻസ്‌ഫോറം ,ചർച് ക്വയർ എന്നിവയും , വിവിധ ഭക്ത സംഘടനകൾ രൂപീകരിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഏറ്റവും മികച്ച മിഷനുകളിൽ ഒന്നായി തന്റെ മിഷനുകളെ വളർത്തികൊണ്ടുവരുവാൻ അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ നന്ദിയോടെയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത് .

ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ രൂപതയുടെ പി ആർ ഓ ആയും , അറിയപ്പെടുന്ന യു കെയിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ദീർഘകാലം ആത്മീയ പ്രതിവാര പംക്തികൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ നിരവധി ആളുകളിലേക്ക്‌ പുത്തൻ ചിന്തകളും , ആത്മീയ ഉപദേശങ്ങളും നൽകുവാനും അച്ചന് കഴിഞ്ഞു .
പാലാ രൂപത വാക്കാട് സെന്റ് പോൾസ് ഇടവക അംഗമായ ഫാ. ബിജു 2005 ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പു വഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ബിജു തന്റെ പതിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ ഏഴു വര്ഷം ചിലവഴിച്ചത് നോട്ടിംഗ് ഹാമിൽ ആണ് .മുട്ടുചിറ , കുറവിലങ്ങാട്,അരുവിത്തറ ഫൊറോനാ , വടകര പള്ളികളിൽ സേവനമനുഷ്ഠിച്ച ശേഷം തായ്‌ലൻഡിൽ നിന്നും എം ബി എ പാസായ ശേഷമാണ് 2013 ൽ ഡെർബി യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി അച്ചൻ യു കെ യിൽ എത്തുന്നത് . ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയശേഷമാണ് തന്റെ മാതൃ രൂപതയിലേക്കു പുതിയ ശുശ്രൂഷ ദൗത്യവുമായി ഫാ. ബിജു കുന്നക്കാട്ട് മടങ്ങുന്നത് .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles