ദൈവത്തിന്റെ അശരീരി ധ്യാനതിനിടയിൽ   പുറത്തുവരുന്നതും അത് പിന്നീട് ശരിയായി മാറുന്നതും വിശ്വാസികള്‍ക്ക് സുപരിചിതമാണ്. ഈ വര്‍ഷം ആദ്യം കൊട്ടിയൂര്‍ സെന്റ്‌. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഇതുപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു – ഇവിടെ എന്തോ അസുഖകരമായത് സംഭവിക്കാന്‍ പോകുന്നു. കരുതിയിരിക്കുക എന്നായിരുന്നു അത്. എന്നാല്‍ അത് ഇങ്ങനെ അച്ചട്ടാവുമെന്ന് ആരും കരുതിയില്ല. ആ ധ്യാനത്തിന്റെ മുഖ സംഘാടകനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായത്. ധ്യാനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആ വിവരം റോബിനും അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ അതൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് ഗര്‍ഭമൊക്കെ വേറാരുടെയെങ്കിലും തലയില്‍ കൊടുക്കാമെന്നായിരുന്നത്രെ വൈകാരിയച്ചനായ റോബിന്‍ കരുതിയിരുന്നത്. പക്ഷെ ദൈവം അങ്ങനെ നിരപരാധികളെ ക്രൂശില്‍ തറയ്ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉപ്പു തിന്നയാള്‍ തന്നെ വെള്ളം കുടിയ്ക്കുമെന്നുമായിരുന്നു അന്ന് ധ്യാനമധ്യെ വട്ടായിലച്ചന് വെളിപ്പെടുത്തലുണ്ടായതെന്ന് ഇടവകക്കാര്‍ക്ക് ഇപ്പോഴാണത്രെ മനസിലായത്. ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി പ്രസവിച്ചത്. ഈ സ്കൂളിന്റെ മാനേജര്‍ ആയിരുന്നു ഇടവക വികാരിയായ റോബിന്‍ അച്ചന്‍. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരിൽ ചിലർ രഹസ്യമായി ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്അറസ്റ്റിലായതോടെ ഫാദർ റോബിൻ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാർക്ക് മുന്നിൽ തകർന്നത്. കർക്കശക്കാരനായ വികാരിയെ ഇടവകകാർക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളിൽ ഫാദറിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഈ കാർക്കശ്യം കൊണ്ട് തന്നെപുറത്ത് പറയാൻ ആരും ധൈര്യപെട്ടിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഇയാൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. റോബിൻ വടക്കുംചേരി പെൺകുട്ടികളെ നേഴ്സിങ് പഠനത്തിനും ജോലിക്കുമായി അയൽ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാർത്ത പുറത്തു വന്നതോടെ ഇതേ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവച്ചതിൽ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അന്വേഷണം നീളാതിരിക്കാൻ പ്രത്യേക കരുതൽ സഭയിലെ ഉന്നതർ എടുക്കുന്നുമുണ്ട്. നേഴ്സിങ് വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഫാദർ റോബിനായിരുന്നു. ഫാദറിനെതിരെ പീഡനകുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഈ റിക്രൂട്ട്മെന്റുകളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു ക്രിസ്തുരാജ ഹോസപിറ്റലിൽ നിന്ന് പതിനാറു വയസുള്ള പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നതിന് തെളിവാണ്. ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യമുയരുന്നത്.