ടോം ജോസ് തടിയംപാട്

പ്രാവ് തിരുമേനിക്ക് അദ്ദേഹത്തിന്റെ പിതാവിന്റെ അടുക്കലേക്ക് പോകാന്‍ കാരണമായ കര്‍ത്താവിന്റെ വലിയ കൃപ ലഭിച്ചത് ലിവര്‍പൂളിലെ ഹൈട്ടന്‍ റോഡില്‍ വച്ചായിരുന്നു. ഏതോ ഒരു ധ്യാനകേന്ദ്രത്തിലേക്ക് പരിശുധാത്മാവിന്റെ ദൗത്യവുമായി പറക്കുന്ന സമയത്താണ് റോഡില്‍ വീണു കിടക്കുന്ന മന്ന കണ്ടത്. അതു ഭക്ഷിപ്പാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതോ പിശാചുബാധിതന്‍ തെളിച്ച ശകടം അവനെ ഇടിച്ചിട്ടിട്ട് കടന്നു പോയി. തൊട്ടു പുറകെ അവിടെ എത്തിയത് ഈ ലേഖകന്റെ ശകടമായിരുന്നു. റോഡില്‍ കിടന്നു വേദന അനുഭവിക്കുന്ന പ്രാവ് തിരുമേനിയെ രക്ഷിക്കാന്‍ ശകടം നിറുത്തി ഇറങ്ങിയപ്പോള്‍ പുറകില്‍ വന്ന വെള്ളക്കാരുടെ ശകടങ്ങള്‍ക്ക് തടസം അനുഭവപ്പെട്ടതുകൊണ്ട് അവര്‍ ഒച്ച വയ്ക്കാനും ഹോണ്‍ അടിക്കാനും തുടങ്ങി. പക്ഷെ ഞാന്‍ പ്രാവ് തിരുമേനിയെ വളരെ ബഹുമാനത്തോടെ എടുത്തു റോഡിന്റെ സൈഡില്‍ വയ്ക്കുന്നത് കണ്ടപ്പോള്‍ അവരെല്ലാം പ്രാവ് തിരുമേനിയെ രക്ഷിച്ചതിനു തന്തവിരല്‍ ഉയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു കടന്നു പോയി.

ലോകത്തെ മുഴുവന്‍ ധ്യാനകേന്ദ്രങ്ങളില്‍ ഒലിവു കമ്പും കടിച്ചുപിടിച്ചു പരിശുദ്ധാത്മാവിന്റെ രൂപത്തില്‍ പറന്നു വന്നിരുന്ന പ്രാവു തിരുമേനിയുടെ മരണം തികച്ചും വേദനാജനകമാണ്. ഒരു കന്യാസ്ത്രീയെയും കൊന്നു കിണറ്റില്‍ ഇട്ടില്ലെങ്കിലും ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്ണിനേയും ഗര്‍ഭം ധരിപ്പിച്ച് അപ്പനെ കുറ്റം ഏല്‍പ്പിച്ചില്ലെങ്കിലും നാട്ടിലെ കക്കൂസിന്റെ മുന്‍പില്‍ ഒന്നുക്ക് പോകുന്നതിനും രണ്ടുക്ക് പോകുന്നതിനും ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് പോലെ മരിച്ചടക്കിനും ആദ്യകുര്‍ബാനക്കും ചാര്‍ജ് അച്ചടിച്ചു നല്‍കിയിരിക്കുന്ന തിരുമേനിമാരെ പോലെ ഒരു പ്രവൃത്തിയും ചെയ്തില്ലെങ്കിലും പ്രാവ് തിരുമേനി ഒരു ദുരന്തകഥാപാത്രമായി എന്റെ മനസിനെ വേദനിപ്പിച്ചു കൊണ്ടാണ് കടന്നു പോയത്.

ലോകത്തെ പ്രധാന മൂന്നു സെമിറ്റിക്ക് മതങ്ങളും മനുഷ്യന്‍ മറ്റു ജീവികളില്‍നിന്നും വളരെ ശ്രേഷ്ഠനാണ് എന്നു പഠിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലാകുന്നില്ല. കാരണം മനുഷ്യന്‍ ലോകം പിടിച്ചടക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന ആറ്റം ബോംബ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുടെ മുകളില്‍ ഭയപ്പെട്ടു കിടന്നുറങ്ങുമ്പോള്‍ പോത്തും പ്രാവും അതിന്റെ ജീവിത വഴിയില്‍ വല്ല പുല്ലും വെള്ളവും കുടിച്ചു സന്തോഷത്തോടെ കിടന്നുറങ്ങുന്നു. അപ്പോള്‍ മനുഷ്യനാണോ പോത്താണോ ശ്രേഷ്ഠന്‍? ഒരു കാര്യം ഉറപ്പാണ്, മനുഷൃന്‍ അസംതൃപ്തനാണ്. പോത്തും പ്രാവും ഒക്കെ അസംതൃപ്തരാണോ എന്നറിയില്ല. അതുകൊണ്ടുതന്നെ മനുഷ്യര്‍ ശ്രേഷ്ഠര്‍ എന്നു പറയാന്‍ കഴിയില്ല ആയതിനാലാണ് സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ ഞാന്‍ തിരുമേനി എന്നു വിളിക്കാന്‍ കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്താണങ്കിലും ജോലി കഴിഞ്ഞു ഡിപ്പോയിലേക്ക് പോകുന്ന വഴിയില്‍ പ്രാവ് തിരുമേനി രക്ഷപെട്ടു പറന്നു പോയിക്കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തിരുമേനിയെ വച്ച സ്ഥലത്തേക്ക് നോക്കി. പക്ഷെ തിരുമേനി കടുത്ത ചൂടില്‍ അവിടെ തന്നെ ഇരിക്കുന്നു (അന്നു യുകെയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭപ്പെട്ട ദിവസമായിരുന്നു). ഞാന്‍ തിരിച്ചു ചെന്ന് സുപ്പര്‍വൈസര്‍ അലന്‍ മക്കളാനിയോടു പ്രാവ് തിരുമേനിയുടെ ദുരന്ത കഥ വിവരിച്ചു. പ്രാവ് തിരുമേനിയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി നോക്കുന്നതിനു നിയമ പ്രശ്‌നം വല്ലതും ഉണ്ടോ എന്നു തിരക്കി. അലന്‍ പെട്ടെന്നു പോയി ഒരു ബോക്‌സ് എടുത്തുകൊണ്ടുവന്നിട്ട് പറഞ്ഞു ഇതിന്‍ തിരുമേനിയെ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുറച്ചു വെള്ളം കൊടുക്ക് അപ്പോള്‍ ചിലപ്പോള്‍ കുറച്ചുകഴിയുമ്പോള്‍ സുഖമായി പറന്നു പൊയ്‌ക്കൊള്ളുമെന്ന്.

ഞാന്‍ തിരിച്ചു വന്നു പ്രാവ് തിരുമേനിയെ ബോക്‌സില്‍ എടുത്തു വീട്ടില്‍ കൊണ്ടുവന്നു വെള്ളവും കടലയും കൊടുത്തു തിരുമേനി അതു കുറച്ചു കഴിച്ചു. പക്ഷെ തിരുമേനിയുടെ നെഞ്ചില്‍ ആയിരുന്നു പരിക്ക്. പിറ്റേദിവസം ഈ ലോകത്തെ എല്ലാ പരിശുധാത്മാവിന്റെ പ്രവര്‍ത്തനവും നിര്‍ത്തി പ്രാവ് തിരുമേനി നാടുനീങ്ങി. വളരെ വേദനയോടെ ഭാര്യ ഗാര്‍ഡനില്‍ തിരുമേനിക്ക് അന്ത്യവിശ്രമം ഒരുക്കി.

യുകെയില്‍ വന്ന് സമാധാനത്തോടെ ജീവിച്ചിരുന്ന കുടുംബങ്ങളെ കലക്കി പല വഴിക്കാക്കിയ അഭിഷക്തരും തൊണ്ടക്ക് കെട്ടിയിരിക്കുന്ന വെള്ള റിബണിന്റെ ബലത്തില്‍ കൈവെപ്പു ശുശ്രൂഷയിലൂടെ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അധികാരത്തില്‍കൂടി നീ ഒക്കെ ഞങ്ങളുടെ അടിമകളാണ് എന്നു വിശ്വസിച്ചു നടക്കുന്ന അഭിഷിക്തരെക്കാള്‍ എത്രയോ വലിയവാനാണ് സംപൂജ്യനായ ഈ പ്രാവ് തിരുമേനി എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം അടക്കാന്‍ കഴിയുന്നില്ല.

ചരിത്രത്തില്‍ ഞാന്‍ വായിച്ച ഏറ്റവും വലിയ ശവസംസ്‌കാരം എന്നു പറയുന്നത് സീയോണിസ്സ്റ്റു നേതാവ് Theodor Herrzl ന്റേതായിരുന്നു. അതുപോലെ എന്നെങ്കിലും ഞാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ എന്റെ ആദ്യ ഉത്തരവ് പ്രാവ് തിരുമേനിയുടെ അസ്ഥികള്‍ കുഴിച്ചെടുത്ത് മഹാരാജാക്കാന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പ്രാവ് തിരുമേനിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണം എന്നായിരിക്കും.