നടൻ സിദ്ധീഖിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
‘തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,’-രേവതി സമ്പത്ത് കുറിച്ചു.
നേരത്തെ, 2019ൽ സിദ്ദീഖ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് വെളിപ്പെടുത്തി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.
അതേസമയം, നടിയെ അക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞദിവസം വെളിപ്പെട്ടത്.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.
”അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല.’ സുനി കത്തിൽ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. ‘അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം.
പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും,’ കത്തിൽ പറയുന്നു.
Leave a Reply