ലണ്ടന്‍: വലിയ കെട്ടിടങ്ങളില്‍ തീപ്പിടിത്തത്തിനു സാധ്യതയുള്ളതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് വിദഗ്ദ്ധര്‍ നല്‍തകിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഗ്രെന്‍ഫെല്‍ഡ് ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങളുടെ രൂപകല്‍പനയില്‍ സ്പ്രിംഗ്ലറുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ ചീഫ് ഫയര്‍ ഓഫീസര്‍ റോണി കിംഗ് പറഞ്ഞു. പാര്‍ലമെന്റ് ഫയര്‍ സേഫ്റ്റി ഗ്രൂപ്പിന്റെ സെക്രട്ടറി കൂടിയാണ് കിംഗ്.
പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും മറ്റും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വീരോചിതമായിരുന്നെങ്കിലും ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടവിധത്തിലുള്ള സഹായം ലഭ്യമായില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കിംഗ് രംഗത്തെത്തിയത്. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെങ്കില്‍ ഒരു ദുരന്തമുണ്ടാകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കിംഗ് പറഞ്ഞു.
അനുഭവങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. കിംഗ്‌സ് ക്രോസ് ദുരന്തം, ബ്രാഡ്‌ഫോര്‍ഡ് സിറ്റി ഫുട്‌ബോള്‍ ക്ലബ് തീപ്പിടിത്തം തുടങ്ങിയ വന്‍ ദുരന്തങ്ങള്‍ക്ക് ശേഷമാണ് അല്‍പമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തോളം ചീഫ് ഫയര്‍ ഓഫീസറായി പ്രവര്‍ത്തിച്ചയാളാണ് കിംഗ്.
Leave a Reply