ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിത ചിലവുകൾ വർധിക്കുന്നതിനോടൊപ്പം തന്നെ കാറുകൾക്കും വില കൂടുകയാണ്. കഴിഞ്ഞ വർഷത്തേക്കാളും തീവിലയാണ് നിലവിൽ പുതിയ കാറുകൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ്‌ ഹാൻഡ് കാർ വിപണിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ദിസ് ഈസ്‌ മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏറ്റവും കൂടുതൽ വിലവർദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങൾ പുറത്ത് വന്നത് .

സുബാരു ഔട്ട്ബാക്ക് ഡീസൽ, സ്കോഡ റാപ്പിഡ് ഡീസൽ, ഫിയറ്റ് ഡോബ്ലോ ഡീസൽ, ടൊയോട്ട പ്രിയസ്, സിട്രോൺ സി1 പെട്രോൾ,ഹ്യുണ്ടായ് i10 പെട്രോൾ, നിസ്സാൻ GT-R പെട്രോൾ, സാങ്‌യോങ് ടിവോലി പെട്രോൾ എന്നീ മോഡലുകൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സെക്കന്റ്‌ ഹാൻഡ് കാർ വിപണിയിൽ 35% ത്തിന്റെ വില വർധനവാണ് രേഖപ്പെടുത്തിയത്.

കോവിഡ് 19ന് ശേഷം കാർ വിപണിയിൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിലയുടെ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം പാർട്സ് ലഭ്യമല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ധാരാളം കാർ ബ്രാൻഡുകളും ഉണ്ട്. ഇവ ബുക്ക്‌ ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാലതാമസം നേരിടേണ്ടി വരും. സെക്കന്റ്‌ ഹാൻഡ് വിപണിയുടെ വളർച്ചയ്ക്ക് ഒരു പ്രധാന കാരണവും ഇത് തന്നെയാണ്. ആവശ്യക്കാർ കൂടുന്നതും വിലവർദ്ധനവിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമാണ്.