ആമസോണിലൂടെയുള്ള സ്റ്റാബ് – പ്രൂഫ് വെസ്റ്റുകളുടെ വിൽപ്പനയിൽ ഉള്ള വർദ്ധന, യുകെയിലെ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ആണ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലേയും കൊലപാതക നിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമങ്ങൾ നാൽപതിനായിരത്തോളം ആണ്.അതുകൊണ്ടുത ന്നെ യുവാക്കളും, രാത്രിയിൽ നിശാക്ലബ്ബിലെ പാർട്ടികളിൽ പങ്കെടുക്കുന്നവരും മറ്റും സ്റ്റാബ് – പ്രൂഫ് വെസ്റ്റുകൾ ധരിക്കുന്നു.

ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതും, ധരിക്കുന്നതും നിയമവിരുദ്ധമല്ല. ആമസോണിലൂടെ 15 പൗണ്ടിന് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനയാണ് ആശങ്ക ഉളവാക്കുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷയ്ക്കായി ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ഇത് വാങ്ങിയവരിൽ, ജോർജിയാനാ എന്നൊരു സ്ത്രീ എഴുതിയ റിവ്യൂയിൽ, സ്വന്തം മകന് അടിക്കടി ഉണ്ടാകുന്ന ഭീഷണികൾ മൂലമാണ് ഇത് വാങ്ങിയതെന്ന് രേഖപ്പെടുത്തുന്നു. ഇത് മാനസിക ധൈര്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

ചുറ്റുപാടും നടക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് 15 വയസ്സുകാരനായ മകന് മാതാപിതാക്കൾ ഇത് സമ്മാനിച്ചത്. ഇത്തരം വസ്ത്രങ്ങൾ ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്ന് മറ്റൊരു ഉപഭോക്താവ് രേഖപ്പെടുത്തി.

എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കു എന്ന് യുവാക്കളുടെ ചാരിറ്റി ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ മാത്രമല്ല, നിശാ ക്ലബ്ബുകളിലെ ജീവനക്കാരും മറ്റും ഇത് വാങ്ങി ധരിക്കുന്നുണ്ട്. സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നതിന് എല്ലാവരെയും പ്രേരിപ്പിക്കുന്നത്.