റിയ തോമസ്
മനുഷ്യൻ്റെ ജീവിതത്തിലെ സംഭവബഹുലമാർന്ന കാലഘട്ടമാണ് ശൈശവം! അപ്പൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും നടുവിൽ കുസൃതിയും സ്നേഹവും നിഷ്കളങ്കതയും ചാലിച്ചുചേർത്ത് യോജിപ്പിക്കുന്ന പ്രായമാണ് ശൈശവം.
ശൈശവത്തിലെ താരാട്ടിനെ ഒന്നിനോടും ഉപമിക്കാനാവില്ല. അത്ര മധുരമാണതിന്. ശൈശവത്തിലെ താരാട്ടിൻ്റെ ആദ്യരൂപം അമ്മയുടെ പാട്ടിൽ നിന്നാണ്. തൻ്റെ കുഞ്ഞിനെ സുഖനിദ്രയിലേക്ക് കടത്തി വിടാൻ അമ്മ തന്റെ ഹൃത്തിൽനിന്ന് സ്നേഹവും വാത്സല്യവും സമം ചേർത്താണ് താരാട്ട് പാടുന്നത്. താരാട്ടിൻ്റെ മധുരം ഓർമ്മയുടെ ചെപ്പിലുണ്ടാവണമെന്നില്ല എങ്കിലും അതിൻ്റെ മധുരം ഓർമ്മകൾക്കുമപ്പുറം തന്നെ.
അമ്മ മാത്രമല്ല അപ്പനും ഇതേ കൂട്ടുചേർത്ത് ഒരുപാട് താരാട്ട് പാടിയിട്ടുണ്ട്… പക്ഷേ അവയ്ക്ക് ഓർമ്മയുടെ ചെപ്പിലടയ്ക്കാനുള്ള പ്രാധാന്യമില്ലായിരുന്നുവെന്നു മാത്രം.
താരാട്ടിന്റെ രണ്ടാംരൂപം വഴക്കിൻ്റെ രൂപത്തിലാണ്. ഏതെടുത്താലും എന്ത് ചെയ്താലും കുഴപ്പം. എല്ലാത്തിനും പുറമേ വഴക്ക് മാത്രം. സ്ഥിരം കേട്ടുകേട്ട് പണ്ടെപ്പോഴോ കേട്ട് മറന്ന താരാട്ടുപോലെ ഇതും താരാട്ടായി തന്നെ തോന്നി തുടങ്ങി.
ഈ രണ്ട് താരാട്ടുകൾക്കും പല വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ താരാട്ടിൽ അമ്മ വാത്സല്യവും സ്നേഹവും സമംചേർത്താണ് താരാട്ട് പാടിയതെങ്കിൽ രണ്ടാമത്തേതിൽ ദേഷ്യവും, ഇഷ്ടക്കേടുകൊണ്ടാണ് എന്ന് നമുക്ക് തോന്നാം. പക്ഷേ പ്രത്യക്ഷതയിൽ ഈ രോക്ഷവും ഇഷ്ടക്കേടുമാണെങ്കിൽ പരോക്ഷത്തിൽ അതിൽ പഴയ സ്നേഹവും വാത്സല്യവും നിറയേയുണ്ട്. പക്ഷേ ആ പരോക്ഷത കാണാനാവാതെ, താരാട്ടിന്റെ മധുരം നുകരാതെ നമ്മുടെ തലമുറയോടുന്നത് സമൂഹമാധ്യമങ്ങളുടെ താരാട്ട് കേൾക്കാനാണ്.
വർണ്ണമാരി വില്ലഴകുപോലെ സന്തോഷം നൽകുന്ന ഒരു റിയൽ എസ്റ്റേറ്റ് ആണ് സമൂഹമാധ്യമം. തങ്ങളുടെ ആവശ്യമനുസരിച്ചുള്ള ‘താരാട്ടുകൾ’ ആ റിയൽ എസ്‌റ്റേറ്റിൽ നിന്ന് ലഭിക്കും. പക്ഷെ താരാട്ടിനു പുറമേ പരോക്ഷത്തിൽ ചതിക്കുഴികളും കെണികളും മാത്രമാണ് അതിനുള്ളിലെന്ന് നാം തിരിച്ചറിയുന്നില്ല.
സത്യത്തിൽ ആരാണ് മാറേണ്ടത്? മാതാപിതാക്കളോ അതോ കുട്ടികളോ? ആര് മാറിയാലും ഇരയെ തേടിയുള്ള വിഷം പൂണ്ട ദാതാവിന്റെ മനസ്സിൽ ചതിയുടെ താരാട്ടാണ് എന്ന ഓർമ്മ ജീവിതത്തിലുടനീളം നമ്മുടെ മനസ്സിൽ ഉണ്ടാവേണ്ടത് ആവശ്യമാണ് പ്രിയ സുഹൃത്തേ!
റിയ തോമസ് പാലക്കുഴിയിൽ : പാലക്കുഴിയിൽ റെജി തോമസിന്റെയും ഏലിയാമ്മ തോമസിൻ്റെയും പുത്രി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിൽ 10-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എം.ഡി. സെമിനാരിയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. യുകെയിൽ വന്നിട്ട് ഒരു വർഷമായി. വാസ്കുലർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. 2018 ആദ്യ പുസ്തകം അകലെ പ്രസിദ്ധീകരിച്ചു.
Leave a Reply