ന്യൂസ് ഡെസ്ക്, മലയാളം യുകെ
രക്ഷിതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും എന്ന വാർത്ത പുതിയതല്ല. സാമ്പത്തികമായ പിന്നോക്കം നേരിടുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് താങ്ങും തണലുമാകേണ്ട കടമ ഭരണ കൂടത്തിനുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകളും സൗജന്യ ഭക്ഷണം നൽകുന്നതിലൂടെയും മറ്റും സമൂഹത്തിലെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കുന്നതിനുള്ള നടപടികൾ യുകെയിൽ നടപ്പിലാക്കുന്നുണ്ട് .
എന്നാൽ വിദ്യാഭ്യാസ വകുപ്പും സർക്കാരും എടുത്ത ഇത്തരം നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലണ്ടനിൽ ഒഴികെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള 16 വയസ്സുള്ള കുട്ടികളും അവരുടെ സമ്പന്നരായ സഹപാഠികളും തമ്മിൽ പഠന നിലവാരത്തിന്റെ കാര്യത്തിൽ വളരെ അന്തരം ഉണ്ടെന്നാണ് പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) തിങ്ക്‌ടാങ്ക് പറയുന്നതനുസരിച്ച്, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ അവരുടെ ജിസിഎസ്ഇയിൽ ചേരുമ്പോൾ സമപ്രായക്കാരേക്കാൾ 19 മാസത്തിലധികം പിന്നിലാണ്.
എന്നാൽ ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ലണ്ടനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാരം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാര തകർച്ചയെ ദേശീയ ദുരന്തം എന്നാണ് NAHT സ്കൂൾ ലീഡേഴ്‌സ് യൂണിയൻ്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ വിശേഷിപ്പിച്ചത്. പാൻഡമിക്കിന് ശേഷം സ്ഥിതി കൂടുതൽ വഷളായതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ അസമത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നത്.
Leave a Reply