ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യ പാകിസ്ഥാൻ പ്രണയത്തിനു ജയിലിൽ അന്ത്യം. വളരെ അപ്രതീക്ഷിതമായാണു ഇഖ്റ ജീവാനിയുടെയും മുലായം സിങ് യാദവിന്റെയും പ്രണയം തുടങ്ങുന്നത്. 2019ൽ മൾട്ടിപ്ലേയർ ലുഡോ സെക്ഷനുകളുടെ ഓപ്പൺ ഗെയിം റൂമുകളിൽ കളിക്കുന്നതിനിടെയാണു പാക്കിസ്ഥാനിലെ ഹൈദരാബാദിലുള്ള ഇഖ്റയും ബെംഗളൂരുവിലെ ഹൊസൂർ-സർജാപൂർ റോഡ് ലേഔട്ടിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മുലായവും പ്രണയത്തിലാകുന്നത്.

അകലെയിരുന്നുള്ള പ്രണയം രണ്ടുപേർക്കും മടുത്തതോടെ 2022ൽ മുലായത്തിനൊപ്പം ജീവിക്കാൻ ഇഖ്റ ഇറങ്ങിത്തിരിച്ചു. ബിരുദ വിദ്യാർഥിനിയായ നാട്ടിൽ ഇഖ്റ ട്യൂഷനെടുക്കുകയായിരുന്നു. മുലായത്തിന്റെ വിദ്യാഭ്യസ യോഗ്യതയാവട്ടെ 10-ാം ക്ലാസും. ഇവരുടെ സ്വപ്നനതുല്യമായ പ്രണയത്തിന് ഈ വർഷം ജനുവരിയിൽ തടസങ്ങൾ നേരിടാൻ തുടങ്ങി. പാക്കിസ്ഥാനിലുള്ള മാതാപിതാക്കളുമായി ഇഖ്റ നടത്തിയ വാട്ട്‌സാപ്പ് കോളുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതാണ് എല്ലാം തകിടം മറിച്ചത്. ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനും നഗരത്തിൽ താമസിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിനും ഇഖ്റയെ ജനുവരി 23 -ന് ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ പൗരത്വമുള്ളയാൾക്ക് അഭയം നൽകിയതിനു മുലായത്തെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19ന് ഇഖ്റയെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു കൈമാറുകയും പാക്കിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തു. ഞായറാഴ്ച ഇഖ്റയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയതായി ബെംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയം അസ്ഥിയ്ക്ക് പിടിച്ചതോടെ ഇഖ്റയെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അൽപ്പം സാഹസികമായ പദ്ധതിയാണ് മുലായമൊരുക്കിയത്. 2022 സെപ്റ്റംബറിൽ, ദുബായ് വഴി കാഠ്മണ്ഡുവിലേക്ക് മുലായം ഇഖ്റയ്ക്ക് വിമാനടിക്കറ്റെടുത്തു. നേപ്പാളിൽവച്ച് കണ്ടുമുട്ടിയ ഇവർ അവിടെ ഹിന്ദു ആചാരപ്രകാരം വിവാഹിതരായതായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് ബസ് മാർഗം ഇന്ത്യയിലെത്തിയ ദമ്പതികൾ, തെക്കുകിഴക്കൻ ബെംഗളൂരുവിൽ ജുന്നസാന്ദ്രയിലെ ഒരു ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിച്ചു. മുലായം അവിടെ വീണ്ടും സെക്യൂരിറ്റി ഗാർഡായി ജോലി തുടർന്നു, ഇഖ്റ വീട്ടിൽതന്നെ കഴിഞ്ഞു. ഇഖ്‌റയുടെ പൗരത്വം മറച്ചുവയ്ക്കാൻ മുലായം അവൾക്കു പുതിയ ഐഡന്റിറ്റി സൃഷ്ടിച്ചു. “അവൻ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഇഖ്റയ്ക്കായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചു.

മുലായം സെക്യൂരിറ്റി ജോലി ചെയ്തിരുന്നു, ഇഖ്റ വീട്ടുജോലികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ജനുവരിയിൽ അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നശേഷമാണ് ഇഖ്റയുടെ പൗരത്വത്തെക്കുറിച്ച് അറിയുന്നതെന്ന് അയൽക്കാർ പറയുന്നു. പ്രയാഗ്‌രാജിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലാണു കുടുംബം താമസിക്കുന്നത്. മുലായം, രഞ്ജിത്, സഹോദരൻ ജീത്‌ലാൽ, മൂന്ന് ഏക്കറിനുമുകളിലുള്ള സ്ഥലം, അവരുടെ മൂന്ന് പശുക്കൾ, ഒരു എരുമ എന്നിവയുടെ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിയുന്നത്. 5-6 വർഷം മുൻപാണ് മുലായവും ജീത്‌ലാലും ഉൾപ്പെടെ 20 യുവാക്കൾ ബെംഗുളൂവിലേക്കു ജോലിക്കായി പോയത്. മുലായം അവിടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു. ഫുഡ് ഡെലിവറി ആപ്പുകൾക്കു വേണ്ടിയും ജോലി ചെയ്തിരുന്നതായും രഞ്ജിത് പറഞ്ഞു.