യുകെയില്‍ അഞ്ചിലൊന്ന് ആളുകള്‍ അമിതമായി മദ്യപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡിജിറ്റലിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പണക്കാരായ പ്രായമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത്. ഇത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 16 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 21 ശതമാനം പേര്‍ ആഴ്ചയില്‍ അനുവദനീയമായ 14 യൂണിറ്റിനു മേല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. യുകെയിലെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരാണ് സുരക്ഷിത മദ്യപാനത്തിന് ഈ അളവ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്.
28 ശതമാനം പുരുഷന്‍മാരും 14 ശതമാനം സ്ത്രീകളും ആഴ്ചയില്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറം മദ്യം കഴിക്കുന്നവരാണ്. ആല്‍ക്കഹോള്‍ ഉപയോഗവും അത് സൃഷ്ടിക്കുന്ന വിപരീത ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. അപകടകരമായ വിധത്തില്‍ മദ്യം കഴിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ മദ്യ വ്യവസായ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം നിയന്ത്രിത അളവിലുള്ള മദ്യപാനവും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മദ്യ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ആല്‍ക്കഹോള്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു.
ക്യാന്‍സര്‍, ലിവര്‍ സിറോസിസ്, ഹൃദ്രോഗം തുടങ്ങിയവ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ മുതിര്‍ന്നവരില്‍ അഞ്ചിലൊന്നു പേര്‍ മദ്യം കഴിക്കുന്നുണ്ട്. ഇത് എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ടെന്നും രാജ്യത്തിന്റെ ഉദ്പാദന ശേഷിയെപ്പോലും ബാധിക്കുന്ന വിധത്തിലാണ് മദ്യപാനത്തിന്റെ തോതെന്നും ഒരു ആരോഗ്യമില്ലാത്ത ജനതയായി നാം മാറുകയാണെന്നും തിങ്ക്ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സവേരി പറഞ്ഞു.
Leave a Reply