തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്നുപേര്‍ക്കെതിരെ നടപടി. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.
ബീഫ് നിരോധനത്തെ തുടര്‍ന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ത്തന്നെ വാര്‍ത്തയാകുകയും വലിയ പ്രതിഷേധത്തിന് ഇടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ നടപടിവേണമെന്ന് എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കെപിസിസി നടപടി സ്വീകരിച്ചത്.
കാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ മാറ്റു കുറയ്ക്കാന്‍ കണ്ണൂരിലെ സംഭവം കാരണമായി. ഇത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിക്കുന്നതല്ല. അതിനാലാണ് നടപടിയെടുക്കുന്നതെന്ന് എം.എം ഹസന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചിരുന്നതായും ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി മൂന്നുപേരോടും വിശദീകരണം തേടിയേക്കും.
ബിജെപിയുടെയും സംഘപരിവാറിന്റെയും വര്‍ഗ്ഗീയ ഫാസിസം അടുക്കളയില്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ഹസന്‍ പറഞ്ഞു. നിയമസഭ വിളിച്ചുകൂട്ടി പുതിയ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply