സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു  വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ  ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.

ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും  താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു  ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക്  ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഖാർത്തരായ  ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.