ലോകത്ത് ജീവിതനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി ഏഴാമത്തെ തവണയാണ് മെല്‍ബണ്‍ ഈ സ്ഥാനം നിലനിര്‍ത്തിയത്. 100 പോയിന്റുകളില്‍ 97.5ഉം നേടിയാണ് വാര്‍ഷിക പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താന്‍ മെല്‍ബണിനായത്. ആരോഗ്യസേവനം, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സമാധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്.

140 നഗരങ്ങളിലാണ് പഠനം നടത്തിയത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം സ്ഥാനത്തെത്തി. കാനഡയിലെ വാന്‍കൂവറിനാണ് മൂന്നാം സ്ഥാനം. 97.3 പോയിന്റുകള്‍ നഗരം നേടി. കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനം തന്നെയാണ് ഇവ നിലനിര്‍ത്തിയത്. പട്ടികയിലെ മുന്‍നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കിലും താഴത്തെ നിരയില്‍ വലിയ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ് ലാന്‍ഡിലെ റെയ്ക്യാവിക്ക് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50ല്‍ നിന്ന് 37ലെത്തി. 89.9ആണ് ലഭിച്ച പോയിന്റുകള്‍. ടൂറിസത്തിലു വികസനത്തിലുമുണ്ടായ കുതിപ്പാണ് ഇതിന് കാരണം. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതോടെ ആംസ്റ്റര്‍ഡാം 94 പോയിന്റുകള്‍ നേടി 18-ാം സ്ഥാനത്തേക്ക് കുതിച്ചു.

അതേ സമയം മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക്‌ഹോം എന്നീ നഗരങ്ങളുടെ റാങ്കിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ 43ല്‍ നിന്ന് 51-ാാ സ്ഥാനത്തേക്കാണ് താഴ്ന്നത്. മെല്‍ബണ്‍ (ഓസ്‌ട്രേലിയ), വിയന്ന (ഓസ്ട്രിയ), വാന്‍കൂവര്‍ (കാനഡ), ടൊറന്റോ (കാനഡ), കാല്‍ഗാരി (കാനഡ), അഡലെയ്ഡ് (ഓസ്‌ട്രേലിയ), പെര്‍ത്ത് (ഓസ്‌ട്രേലിയ), ഓക്ക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്), ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്), ഹാംബര്‍ഗ് (ജര്‍മനി) എന്നിങ്ങനെയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പട്ടിക.